തിരുവനന്തപുരം: വടക്കാഞ്ചേരി ലൈംഗിക പീഡന പരാതിയിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്നും ആരോപണത്തിനു തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന പി.എൻ. ജയന്തനെതിരെയായിരുന്നു ലൈംഗിക പീഡന ആരോപണം ഉയർന്നത്.
ജയന്തനും സഹോദരൻ ജനീഷും സുഹൃത്ത് ഷിബുവും ചേർന്ന സംഘം തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. രണ്ടു വർഷം മുന്‍പ് ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടിയും സാമൂഹ്യപ്രവർത്തകയുമായ പാർവതി എന്നിവർക്കൊപ്പം തിരുവനന്തപുരത്തു വാർത്താസമ്മേളനം നടത്തിയാണ് യുവതിയും ഭർത്താവും പീഡിപ്പിച്ചവരുടെ പേരുകൾ പുറത്തുപറഞ്ഞത്.
2014ലാണു കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക സമ്മർദ്ദം കൂടിയപ്പോൾ താനും ഭർത്താവും പോലീസിൽ പരാതി നൽകി. എന്നാൽ പേരാമംഗലം സിഐയുടെ പെരുമാറ്റമാണു തന്നെ ഏറ്റവും അധികം വേദനിപ്പിച്ചതെന്നും പോലീസ് ഇടപെട്ടു പരാതി ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
മജിസ്ട്രേറ്റിനു മുന്നിൽ മൊഴി മാറ്റിപ്പറയാൻ പോലീസ് സ്റ്റേഷനിൽ വച്ചാണു തന്നെ പഠിപ്പിച്ചത്. മൊഴി നൽകാൻ പോയപ്പോൾ ഭർത്താവിനെ പ്രതികൾ കാറിൽ പിടിച്ചുവച്ചിരുന്നുവെന്നും കുട്ടികളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
തങ്ങൾക്കെതിരെ നല്‍കിയിട്ടുള്ള പരാതി വ്യാജമാണെന്നും യുവതിയെയും ഭർത്താവിനെയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു ജയന്തൻ അടക്കമുള്ള സിപിഎം പ്രവർത്തകരായ നാലുപേർ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. പരാതിക്കാരിയായ സ്ത്രീയും ഭർത്താവും സ്ഥിരമായി പോലീസിലും മറ്റ് അധികാര കേന്ദ്രങ്ങളിലും കളവായി പരാതി നല്‍കുന്നവരാണെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.