വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത ദേശീയപാതയിൽ കുഴികൾ നിറഞ്ഞു. ആറുവരിപ്പാത ഉദ്ഘാടനത്തിനു മുന്പാണ് റോഡുതകർന്ന് വലിയ കുഴികളായത.് വാണിയന്പാറയ്ക്കും കൊന്പഴയ്ക്കും ഇടയ്ക്കുള്ള ഭാഗത്താണ് ഈ കുഴികൾ. മറ്റിടങ്ങളിലും സമാനസ്ഥിതിയുണ്ട്.
കാലവർഷം ശക്തിപ്പെടുന്നതോടെ റോഡുതകർച്ചയും വേഗത്തിലാകും. റോഡുനിർമാണത്തിലെ അപാകത സംബന്ധിച്ച് തുടക്കംമുതലേ നിരവധി പരാതിയുയർന്നിരുന്നു. എന്നാൽ ഇത്തരം പരാതികൾ പരിശോധിക്കാനോ ശരിയാവണ്ണം റോഡ് നിർമിക്കുന്നതിനോ നടപടിയുണ്ടായില്ല.
തേനിടുക്ക് കോളജ് ഓഫ് അപ്ലൈഡ് സയൻസിനുമുന്നിൽ മഴ പെയ്താൽ വെള്ളംമുഴുവൻ ആറുവരിപ്പാതയിലാണ് തങ്ങിനില്ക്കുന്നത്. വടക്കഞ്ചേരിയിലെ മേല്പാല നിർമാണവും വേണ്ടത്ര പരിശോധനകളില്ലാതെയാണ് നടക്കുന്നത്. ബലക്ഷയംമൂലം പില്ലറുകളും ബീമുകളും തകരുന്ന സ്ഥിതിയുമുണ്ട്. ഇതിനുമുകളിലൂടെ വാഹനങ്ങൾ ഓടുന്പോൾ സ്ഥിതി എത്രത്തോളം അപകടരകമാകുമെന്ന് കണ്ടറിയണം.
വടക്കഞ്ചേരിയിലെ സർവീസ് റോഡും തകർന്നു വലിയ കുഴികളായി മാറി. ഇതുമൂലം വാഹനക്കുരുക്കും മണിക്കൂറുകളോളം നീളുന്നു.കുതിരാനിൽ തുരങ്കത്തിലേക്കുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് വാഹനം ഓടുംമുന്പേ തകർന്നത് ഏറെ വിവാദമായിരുന്നു. റോഡ് ഇപ്പോൾ വെട്ടിപൊളിച്ച് വീണ്ടും പണിയുകയാണ്.
തുരങ്കപ്പാതയുടെ സുരക്ഷയും ഉറപ്പും മതിയായ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കിയിട്ടില്ല. ഭൂമികുലുക്ക തീവ്രതയിൽ തുരങ്കത്തിലെ പാറകൾ വെടിമരുന്ന് നിറച്ചു പൊട്ടിച്ചതിനാൽ പാറകളിൽ വലിയ വിള്ളലുണ്ടായിട്ടുണ്ട്. അതെല്ലാം സിമന്റുകൊണ്ട് അടച്ച് പുറമേയ്ക്ക് മനോഹരമാക്കിയിട്ടുണ്ടെങ്കിലും തുരങ്കപ്പാതയുടെ ഉറപ്പിൽ ഇപ്പോഴും ആശങ്കയുണ്ട്.
പാറകൾക്കിടയിൽനിന്നും ശക്തമായ ഉറവയും തുരങ്കത്തിലുണ്ട്. എന്തായാലും ഈ മഴക്കാലവും കുതിരാനിൽ കാത്തിരിക്കുന്നത് വൻ വാഹനക്കുരുക്കും ദുർഘടയാത്രയുമാണ്.