വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കുഴിയടയ്ക്കുന്നത് മണ്ണും ക്വാറിവേസ്റ്റും ടാർമിക്സറും ഉപയോഗിച്ച്. കുതിരാനിൽ ക്വാറിവേസ്റ്റും ടാർമിക്സറും ഉപയോഗിച്ച് കുഴിയടയ്ക്കുന്പോൾ വടക്കഞ്ചേരി തങ്കം ജംഗ്്ഷനിലെ കുഴിയടയ്ക്കൽ റോഡിലേക്ക് മണ്ണും ചെളിയും വാരിയിട്ട്.
ആറുവരിപ്പാതയ്ക്കായി നിർമിച്ച റോഡിലെ കുഴികൾ അടയ്ക്കുന്നത് രണ്ടാഴ്ച നിലനില്ക്കാവുന്ന വിധം അധികമായി ടാർ ഉപയോഗിച്ചുള്ള കുഴിടയ്ക്കലാണ്. ഇത്തരം ഓട്ടയടയ്ക്കൽ കൊന്പഴ ഭാഗത്താണ് ഇന്നലെ നടന്നത്. നിർമാണം കഴിഞ്ഞ് വെള്ളവരയിട്ട റോഡിലാണ് കുഴികൾ പെരുകുന്നത്.
ഇവിടെ ടാർ അടർന്നുപോന്ന ഭാഗങ്ങളുടെ അരികുകൾ വീണ്ടും കുത്തിയിളക്കി ഓട്ടയടയ്ക്കുന്നുണ്ട്. മഴമാറിയാൽ മണ്ണും ചെളിയും വാരിയിട്ട വടക്കഞ്ചേരി തങ്കം കവലയിൽ ഇനി പൊടിശല്യവും രൂക്ഷമാകും. കുതിരാനിലും ഇതുതന്നെയാകും സ്ഥിതി.
പുതിയ ആറുവരിപ്പാത നിർമിച്ച് ഒരുവർഷത്തിനുള്ളിൽ തന്നെ നിരവധിതവണയാണ് ഓട്ടയടയ്ക്കൽ നടക്കുന്നത്. ഒരുഭാഗത്ത് ഓട്ടയടയ്ക്കൽ പൂർത്തിയായാൽ മറുഭാഗം വാതുറക്കും. നിർമാണത്തിലെ അപാകതമൂലം ടാറിംഗിന്റെ ആയുസും കുറവാണ്.