ചേർത്തല: വടക്കേ അങ്ങാടിയിലെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് വിവാദം പണി തുടങ്ങി. പേരിനെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. ചിലർ നങ്ങേലി സ്ക്വയർ എന്ന നാമകരണവുമായി മുന്നോട്ടുവന്നപ്പോൾ ചിലർ വയലാർ രാമവർമയുടെ പേര് ഇടണമെന്ന നിർദേശമാണ് കൊണ്ടുവന്നത്.
രണ്ടുകൂട്ടരും അവരുടെ വാദത്തിന്റെ വിജയത്തിനായി നില ഉറപ്പിച്ചപ്പോൾ മറ്റൊരു വിഭാഗം നിലവിൽ ഒരു പത്രസ്ഥാപനത്തിന്റെ പേര് സർക്കാർ രേഖകളിൽ അറിയപ്പെടുന്നതിനാൽ ആ പഴയപേരു തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതോടെ വിവാദം കൊഴുത്തു. ആദ്യം വികസനപ്രവർത്തനം നടക്കട്ടെ, അതിനുശേഷം ബാക്കിയുള്ള കാര്യമെന്ന ചിന്താഗതിയാണ് ചിലർ ഉയർത്തിയിട്ടുള്ളത്.
കുഞ്ഞുപിറക്കുന്നതിനുമുന്പ് പേരിടുന്നതിനു തുല്യമാണ് ഇപ്പോഴത്തെ വിവാദമെന്ന നിലപാടാണ് ഇവരുടേത്.ലോകത്തിനു മുന്നിൽ ചേർത്തലയുടെ അഭിമാനമുയർത്തിയ പെണ്പോരാട്ടത്തിനു അർഹമായ അംഗീകാരം ഒരുക്കണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം പ്രചരണം നടത്തുന്നുണ്ട്. വടക്കേഅങ്ങാടിക്കവലയ്ക്കുസമീപമുള്ള സ്ഥലത്താണ് മുലക്കരത്തിനെതിരേ നങ്ങേലിയുടെ ചോരചീന്തിയ പോരാട്ടം നടന്നത്.
മുലച്ചിപ്പറന്പെന്ന പേരിലറിയപ്പെടുന്നതാണ് ഈ സ്ഥലം. വിവിധ രാഷ്ട്രീയകക്ഷികളും യുവജന സാംസ്കാരിക സംഘടനകളും നങ്ങേലിക്കവലക്കു പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. കവല നങ്ങേലി സ്മാരകമാക്കണമെന്ന നിർദേശിച്ച് മുൻ കൗണ്‍സിലർ ടി.എസ് അജയകുമാർ നഗരസഭയ്ക്കു നിവേദനം നൽകി.
അതേസമയം വടക്കേ അങ്ങാടിക്ക് എന്തുപേരിടുമെന്ന കാര്യത്തിൽ നഗരസഭ ഭരണം കൈയാളുന്ന കോണ്‍ഗ്രസ് ഇതുവരെ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വടക്കേ അങ്ങാടിയിൽ നങ്ങേലി സ്മാരകം സ്ഥാപിക്കുന്പോൾ അനശ്വരകവി വയലാർ രാമവർമയുടെ പ്രതിമയും സ്ഥാപിക്കണമെന്നാണ് ബ്ലോക്ക് കോണ്‍ഗ്രസിന്റെ നിലപാട്. പ്രധാന പാർട്ടിയായ സിപിഎമ്മും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നങ്ങേലിയും വയലാറും പാർട്ടിക്ക് പ്രധാനപ്പെട്ടതിനാൽ ഇവരിൽ ആരെ ഒഴിവാക്കുമെന്ന ചിന്താക്കുഴപ്പത്തിലാണ് സിപിഎം. ഇതിനിടയിൽ പേരിനെചൊല്ലിയുള്ള വിവാദം നഗരസഭ കൗണ്‍സിലിലും ഉയർന്നു. വടക്കേ അങ്ങാടിക്കവലക്കു നങ്ങേലിക്കവലയെന്ന പേര് നല്‍കണമെന്ന മന്ത്രി പി. തിലോത്തമന്റെയും പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിന്റെയും നിലപാടിനെതിരെ സിപിഐ കൗണ്‍സിലർ രംഗത്തെത്തിയത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി.
പിന്നീട് പാർട്ടി നിലപാടാണ് തന്റെ നിലപാടെന്ന പ്രസ്ഥാവനയുമായി ഈ കൗണ്‍സിലർ തന്നെ രംഗത്തെത്തിയെങ്കിലും പാർട്ടിക്കുള്ളിൽ അത് അസ്വസ്ഥതയുണ്ടാക്കി. നങ്ങേലിസ്മരണ മുഖ്യവിഷയമാക്കി നടന്ന നഗരസഭാ കൗണ്‍സിലിൽ ബിജെപി അംഗം ഡി. ജ്യോതിസും, കോണ്‍ഗ്രസ് അംഗങ്ങളും നീക്കത്തെ പിന്തുണച്ചപ്പോൾ ചരിത്രം എഴുതപ്പെടാതെപോയ സമരത്തിന്റെ ആധികാരികത കണ്ടെത്തണമെന്ന നിർദേശമാണ് സിപിഐ അംഗം ജി.കെ അജിത്ത് കൗണ്‍സിലിൽ ഉയർത്തിയത്.
ഇതോടെ തീരുമാനങ്ങളിലേക്കു കടക്കാതെ കൗണ്‍സിൽ മറ്റുകാര്യങ്ങളിലേക്കു കടന്നത്. ചർച്ചയിൽ വിവിധതരത്തിലുള്ള നിർദേശങ്ങളാണ് കൗണ്സിലർമാരിൽനിന്നുണ്ടായത് അതിനാൽ ഇക്കാര്യത്തിൽ പരിശോധന നടത്തി നിർദേശം നൽകാൻ വിദ്യാഭ്യാസസാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.