പത്തനാപുരം :ജീവനക്കാരില്ല;പഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനം വലയുന്നു.പട്ടാഴി വടക്കേക്കര പഞ്ചായത്ത് ഓഫീസിലാണ് മിക്ക ദിവസങ്ങളിലും ജീവനക്കാരില്ലാത്തത്. ജീവനക്കാർ വരാത്ത ചില ദിവസങ്ങളിലും ഹാജർ രേഖപ്പെടുത്തുന്നതായി കാട്ടി വിജിലൻസിന് പരാതിയും നൽകി. കെട്ടിട നികുതി, വിവാഹ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റുകൾ അടക്കം വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.
എന്നാൽ മിക്ക ദിവസങ്ങളിലും ഇവിടെ ജീവനക്കാരില്ല. രാവിലെ വരുന്ന ചില ജീവനക്കാർ ഒപ്പിട്ട് ഉച്ചക്ക് മുൻപേ മടങ്ങുകയും ഉച്ചക്ക് ശേഷം എത്തുന്ന ചിലർ വൈകുന്നേരം ഓഫീസ് സമയത്തിന് മുൻപ് മടങ്ങുന്നതായും വ്യാപക ആക്ഷേപമുണ്ട്.പൊതു പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ കടുവാത്തോട് സോമനാണ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് കളക്ടർക്കും വിജിലൻസിനും പഞ്ചായത്ത് വകുപ്പ് മേധാവികൾക്കും പരാതി നൽകിയത്. കഴിഞ്ഞ രണ്ടുദിവസം തന്റെ ഒരാവശ്യവുമായി സോമൻ പഞ്ചായത്തിലെത്തി .
എന്നാൽ ഉദ്യോഗസ്ഥർ മിക്കവരും ഇല്ലായിരുന്നു .ഇത് ചോദിച്ചപ്പോൾ കയർത്ത് സംസാരിക്കുകയും പുറത്ത് പോകുവാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. യാത്രാക്ലേശം രൂക്ഷമായതിനാൽ പഞ്ചായത്ത് ആസ്ഥാനമായ കടുവാ ത്തോട്ടിലെത്തുവാൻ വലിയ ബുദ്ധിമുട്ടാണ്. മാലൂർ, മണയറ, ചെളിക്കുഴി, കരിമ്പാലൂർ, കൊക്കോട് ,പടിഞ്ഞാറെവിള, വെട്ടിക്കവിള അടക്കം വിവിധ ഗ്രാമീണ മേഖലയിൽ നിന്നും ബസ് സർവീസ് നേരിട്ടില്ലാത്തതിനാൽ നടന്നും മറ്റുമാണ് നാട്ടുകാർ എത്തുന്നത്.
ജീവനക്കാരില്ലാത്തതിനാൽ ഇവർ രണ്ടും മൂന്നും തവണ എത്തേണ്ട ഗതികേടിലാണ്.സമീപ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്ന ചിലരെ സംഘടനാ പ്രവർത്തനമെന്ന് പറഞ്ഞ് ജോലിക്ക് വരാത്തതിനാൽ ഇവിടെ നിന്നും സ്ഥലംമാറ്റിയിരുന്നു .അങ്ങനെയുള്ള ചിലരെയാണ് ഇപ്പോൾ ഇവിടെ നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് ഭരണാധികാരികളോട് പരാതി പറഞ്ഞ് മടുത്ത ജനങ്ങൾ പഞ്ചായത്ത് ഡയറക്ടർ അടക്കമുള്ള ഉന്നതർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ്.