സ്വന്തം ലേഖകൻ
തൃശൂർ: പുതുമോടിയിൽ അണിഞ്ഞൊരുങ്ങാൻ തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നൂറു കണക്കിന് സ്വകാര്യ ബസുകൾ വന്നുപോകുന്ന വടക്കേ സ്റ്റാൻഡിന്റെ നവീകരണപ്രവർത്തനങ്ങളുടെ തറക്കല്ലിടൽ മന്ത്രി എ.സി.മൊയ്തീനും സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ വി.ജി.മാത്യുവും മേയർ അജിത ജയരാജനും ചേർന്ന് ഇന്നു രാവിലെ നിർവഹിച്ചു. ബസ് സ്റ്റാൻഡ് നവീകരണത്തിന് അഞ്ചരക്കോടി ചിലവഴിക്കുന്നത് സൗത്ത് ഇന്ത്യൻ ബാങ്കാണ്.
മന്ത്രി വി.എസ്. സുനിൽകുമാർ സൗത്ത് ഇന്ത്യൻ ബാങ്കിന് നിർമാണ കരാർ കൈമാറ്റം നടത്തി. സി.എൻ.ജയദേവൻ എംപി, കെ.രാജൻ എംഎൽഎ, ഡെപ്യൂട്ടി മേയർ ബീന മുരളി, സിപിഎം ജില്ല സെക്രട്ടറി എം.എം.വർഗീസ്, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, കൗണ്സിലർമാരായ എം.എസ്.സന്പൂർണ, കെ.മഹേഷ്, സി.ആർ. വൽസൻ, ആന്േറാ ഫ്രാൻസിസ്, എം.എസ്. പ്രേംകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
തനതു ഫണ്ടുകൾക്കും സർക്കാർ ഫണ്ടുകൾക്കും പുറമെ പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ നാടിന്റെ വികസനം സാധ്യമാകൂവെന്ന് മന്ത്രി എ.സി.മൊയ്തീൻ ഓർമിപ്പിച്ചു. ഉദാരമാതികളായ സൗത്ത് ഇന്ത്യൻ ബാങ്കിനെ പോലുള്ള സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത് നാടിന്റെ വികസനത്തിന് ഏറെ ഗുണം ചെയ്യും. പൊതുവികസനത്തിന് സിഎസ്ആർ ഫണ്ടുകളുടെ പങ്ക് വളരെ വലുതാണ്.
കോർപറേഷൻ തൃശൂർ നഗരത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസുമായി ചർച്ച നടക്കുന്നു. ഇതും സിഎസ്ആർ ഫണ്ടുപോയോഗിച്ചാണ് ചെയ്യുന്നതെന്നും മൊയ്തീൻ പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് നവതി ആഘോഷിക്കുന്ന വർഷത്തിൽ തന്നെ ഇത്തരത്തിലുള്ള നല്ല കാര്യം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്ന് ബാങ്ക് എംഡിയും സിഇഒയുമായ വി.ജി.മാത്യു പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ നവീകരണ പൂർത്തിയാക്കാനാണ് കരാറെങ്കിലും എട്ടുമാസം കൊണ്ടുതന്നെ നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എൻക്വയറി കൗണ്ടർ, യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, മിനി ക്ലിനിക്, ഡ്രൈവേഴ്സ് ചേംബർ, പ്രീപെയ്ഡ് ടാക്സി ബൂത്ത്, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യത്തോടെയുള്ള ശുചിമുറികൾ, മെഡിക്കൽ ഷോപ്പ്, ബേക്കറി, കോഫി ഷോപ്പ്, പോലീസ് എയ്ഡ് പോസ്റ്റ്, കോർപറേഷൻ ആരോഗ്യവിഭാഗം, എടിഎം കൗണ്ടറുകൾ, തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്. ഒരേ സമയം 20 ബസുകൾ പാർക്ക് ചെയ്യാവുന്ന സൗകര്യവും ഒരുക്കും.
സ്റ്റാൻഡിന്റെ ശുചീകരണം ഉറപ്പുവരുത്താനും സംവിധാനങ്ങളുണ്ടായിരിക്കുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വടക്കേ സ്റ്റാൻഡിലെ ബസുകൾ സമീപത്തെ അക്വാട്ടിക് കോംപ്ലെക്സിനോടു ചേർന്നുള്ള താൽക്കാലിക സ്റ്റാൻഡിലേക്ക് മാറ്റി. യാത്രക്കാർക്കുള്ള ഷെഡ് അടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തി താൽക്കാലിക സ്റ്റാൻഡ് സജ്ജമാക്കിയിട്ടുണ്ട്.