മൂലമറ്റം: കുളമാവ് വടക്കേപ്പുഴ ഡൈവേർഷൻ പദ്ധതിയിൽ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തി പെഡൽ ബോട്ടിംഗ്, കയാക്കിംഗ് ഉൾപ്പെടെയുള്ള വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ മൂലമറ്റത്ത് ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഹൈഡൽ ടൂറിസം മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്. ഇടുക്കി ആർച്ച് ഡാമിലേക്കുള്ള വെള്ളം ക്രമീകരിച്ച് വേനൽകാലത്തും ജലം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കുളമാവ് ഡൈവേർഷൻ സ്കീം നടപ്പാക്കിയത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ ചെളി നീക്കി ആഴം ഉറപ്പാക്കും.
ഇതോടനുബന്ധിച്ച് പാർക്കിംഗ് സൗകര്യം, കഫ്റ്റേരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഇടുക്കി ആർച്ച് ഡാമിനോടനുബന്ധിച്ച് ലേസർ ഷോ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത് യോഗം ചർച്ച ചെയ്തു. ജൽജീവൻ മിഷന്റെ ഭാഗമായി വൈദ്യുത വകുപ്പിന്റെ അധീനതയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും വെള്ളം പന്പ് ചെയ്യുന്നതിനും യോഗത്തിൽ തീരുമാനമായി.
ചെറുതോണിയിൽ ഫ്ളോട്ടിംഗ് പന്പ് സെറ്റ് സ്ഥാപിക്കൽ, വിതരണ ശൃംഖല സ്ഥാപിക്കൽ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്നതിനായി തോണിത്തടിയിൽ പന്പ്സെറ്റ് സ്ഥാപിക്കുന്നതിന് പരമാവധി ജലനിരപ്പിന് മുകൾ ഭാഗത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനും അനുമതി നൽകാൻ തീരുമാനിച്ചു.
വൈദ്യുത ശ്മശാനം, ലൈഫ് മിഷനിൽ ഫ്ളാറ്റ് നിർമാണം എന്നിവയ്ക്ക് ആവശ്യമായ സ്ഥല പരിശോധന ഇരുവകുപ്പുകളും ചേർന്നു നടത്തും. ഇതോടൊപ്പം ജില്ലയിലെ വിവിധ ഇടങ്ങളിൽ കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സുകൾ നവീകരിക്കുന്നതിനും തീരുമാനിച്ചു. കുളമാവ് പഴയ പോലീസ് ഔട്ട് പോസ്റ്റിനോട് ചേർന്ന് വിനോദ സഞ്ചാരികൾക്ക് റിഫ്രഷ്മെന്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.
ഹൈഡൽ ടൂറിസം പ്രോജക്ട് ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി, കെഎഇബി ഡയറക്ടർ ജി.സജീവ്, ഡാം സേഫ്റ്റി ചീഫ് എൻജിനിയർ നന്ദകുമാർ, എക്സിക്യുട്ടീവ് എൻജനിയർ ലിൻ ചെറിയാൻ, ജല അഥോറിറ്റി ചീഫ് എൻജനിയർമാരായ വി.കെ. പ്രദീപ്, കൃഷ്ണ കുമാർ, ഉദ്യോഗസ്ഥരായ എൻ.ആർ. ഹരി, എം. സുധീർ, അബി മുണ്ടക്കൽ, സന്ദീപ് എസ്. പിള്ള, വിഷ്ണു വിജയൻ എന്നിവർ പങ്കെടുത്തു.