തൃശൂർ: പുനർ നിർമാണം നടക്കുന്ന തൃശൂർ വടക്കുന്നാഥ ക്ഷേത്ര തെക്കേഗോപുരനടയിലെ പുതിയ ഭിത്തിയിൽ സാമൂഹ്യവിരുദ്ധരുടെ പേരു കൊത്തലിനെതിരെ പ്രതിഷേധമിരന്പി. പുരാവസ്്തുവകുപ്പ് പുനർനിർമാണം നടത്തുന്ന തെക്കേഗോപുരനടയിൽ പ്രത്യേകതരം കൂട്ടുപയോഗിച്ച് നിർമിക്കുന്ന ഭിത്തിയിലാണ് കാമുകീകാമുകൻമാരുടെ പേരും ചിഹ്നങ്ങളും മറ്റും കൊത്തി ഭിത്തിയും പരിസരവും കേടുവരുത്തിയതിനെതിരെ ഭക്തജനങ്ങളും സംഘടനകളും പ്രതിഷേധമുയർത്തി അണിനിരന്ന് പ്രതീകാത്മക സംരക്ഷണ ഭിത്തി തീർത്തു.
ഇന്നലെ വൈകീട്ട് തെക്കേഗോപുരനടയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. തെക്കേഗോപുര നട സംരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ നടന്ന പ്രതിഷേധത്തിൽ ഈ വിഷയം ആദ്യം പുറത്തുകൊണ്ടുവന്ന ട്രോൾ തൃശൂർ എന്ന വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളെ അഭിനന്ദിച്ചു. തെക്കേഗോപുരത്തിൻമേൽ സാമൂഹ്യദ്രോഹികൾ നടത്തിയ ആഭാസത്തരത്തിനെതിരെ ആർക്കിയോളജി വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്ന് പ്രതിഷേധം സംഘടിപ്പിച്ചവർ അറിയിച്ചു.
ഉടൻ നടപടിയെടുക്കുമെന്നാണ് അധികൃതർ അറിയിച്ചതെന്നും മതിൽ നശിപ്പിച്ചവരെ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ഇനി ഗോപുരത്തിനു സമീപം സെക്യൂരിറ്റിക്കാരനെ നിയോഗിക്കുമെന്നും ആർക്കിയോളജി വകുപ്പ് അറിയിച്ചിട്ടുണ്ട്. പൈതൃക സ്മാരകമായി സംരക്ഷിക്കേണ്ട വടക്കുന്നാഥ ക്ഷേത്ര തെക്കേഗോപുരനടയിൽ പുനർ നിർമാണം നടക്കുന്നത് പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണ്്.
തെക്കേഗോപുര നടയ്ക്കു സമീപമായി പുരാവസ്തു വകുപ്പ് ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രഗോപുരം നശിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും തടവുശിക്ഷ കിട്ടുമെന്നുമൊക്കെ ആ ബോർഡിൽ മുന്നറിയിപ്പുണ്ടായിട്ടും ഗോപുരം നശിപ്പിച്ച നടപടി അത്യന്തം ഗുരുതരമാണെന്ന് പ്രതിഷേധത്തിനെത്തിയവർ ചൂണ്ടിക്കാട്ടി.
ഈ ഗോപുരത്തിൽ കോറി വരയ്ക്കുന്നവർ ഓർക്കേണ്ടത് പൈതൃകത്തിന്റെ നെഞ്ചിലാണ് നിങ്ങൾ കോറിവരച്ച് നശിപ്പിക്കുന്നതാണെന്നാണ്. ചുമരിലല്ല ഞങ്ങളുടെ ഹൃദയത്തിലാണ് കോറിവരയ്ക്കുന്നത്. ഇനിയിത് ആവർത്തിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകും.
സ്കൂൾകോളേജ് വിദ്യാർഥികളാണ് ഇത് ചെയ്തതെന്നാണ് സൂചന. വിദ്യാർഥികൾ ആദ്യം പഠിക്കേണ്ടതും മനസിലാക്കേണ്ടതും ഇത്തരം സംസ്കാരപൈതൃകത്തെക്കുറിച്ചും നമ്മുടെ പൈതൃക സന്പത്തിനെക്കുറിച്ചുമാണ്. അത് സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ട വിദ്യാർഥികൾ തന്നെ അവ നശിപ്പിക്കുന്നുവെന്നത് ഏറെ ഖേദകരമാണ് പ്രതിഷേധക്കൂട്ടായ്മയിൽ അണിനിരന്നവർ അഭിപ്രായപ്പെട്ടു.
പുരാവസ്തു വകുപ്പ് ഗോപുരസംരക്ഷണത്തിന് കൈക്കൊള്ളുമെന്ന് പറഞ്ഞ നടപടികൾ ശരിയാം വിധം പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കാനും തീരുമാനിച്ചു.