സ്വന്തം ലേഖകൻ
തൃശൂർ: പുനർ നിർമാണം നടക്കുന്ന തൃശൂർ വടക്കുന്നാഥ ക്ഷേത്ര തെക്കേഗോപുരനടയിലെ പുതിയ ഭിത്തിയിൽ സാമൂഹ്യവിരുദ്ധരുടെ പേരു കൊത്തൽ. പുരാവസ്്തുവകുപ്പ് പുനർനിർമാണം നടത്തുന്ന തെക്കേഗോപുരനടയിൽ പ്രത്യേകതരം കൂട്ടുപയോഗിച്ച് നിർമിക്കുന്ന ഭിത്തിയിലാണ് കാമുകീകാമുകൻമാരുടെ പേരും മറ്റും കൊത്തിയിരിക്കുന്നത്.
പുരാവസ്തു വകുപ്പിന്റെ താൽക്കാലിക ഓഫീസും ഈ ഭിത്തിക്ക് സമീപമുണ്ട്. ആറു സെക്യൂരിറ്റി ജീവനക്കാരും ഇവിടെയുണ്ട്. എന്നാൽ ഇവരാരും ഈ ചാപ്പകുത്തൽ കണ്ടില്ല. തെക്കേഗോപുര നടയിലെ ഭിത്തികൾ കോറിവരച്ച് അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് പുരാവസ്തു വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനെതിരേ ഇന്നു വൈകിട്ട് നാലിന് വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുരനടയിൽ ഭക്തജനങ്ങൾ സംരക്ഷണ ഭിത്തി തീർക്കും.
പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പരിരക്ഷിക്കേണ്ട വടക്കുന്നാഥ ക്ഷേത്രഗോപുരത്തിന് സുരക്ഷ വർധിപ്പിച്ച് പണികൾ നടക്കുന്നിടത്തേക്ക് ആരെയും കടത്തിവിടാതെ ശ്രദ്ധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തേക്കിൻകാട് മൈതാനത്ത് പോലീസ് പട്രോളിംഗുണ്ടെങ്കിലും ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടില്ല. സംഭവം സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നതോടെ ഭക്തരടക്കമുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധക്കാർ പറയുന്നത്…..
പ്രേമിക്കുന്നവർ പ്രേമിച്ചോട്ടെ… പക്ഷെ അവർ അവരുടെ പേരും നാളുമൊന്നും ഒരു ആരാധനാലയത്തിന്റെയും ചുമരിലോ തൂണുകളിലോ കൊത്തിവയ്ക്കണ്ട. ഒരു ആരാധനാലയവും ഇത്തരത്തിൽ കേടുവരുത്തരുത്. സംരക്ഷിത സ്മാരകങ്ങൾ നിർബന്ധമായും കർശന സുരക്ഷയോടെ കാത്തുസൂക്ഷിക്കണം. ഇന്നു നടത്തുന്ന കൂട്ടായ്മ ഒരു താക്കീതാണ്. പുതിയ തലമുറയ്ക്ക് ഇത് പറഞ്ഞു ബോധ്യപ്പെടുത്താൻ കൂടി വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്.