ഇരിങ്ങാലക്കുട: ജനപിന്തുണയിൽ കരുത്തു തെളിയിച്ച കൗണ്‍സിലർമാർക്ക് ജനമൈത്രി പോലീസിന്റെ കായിക കരുത്തിനു മുന്നിൽ തോൽവി. ജനമൈത്രി പോലീസിന്റെ കൈക്കരുത്തിൽ നഗരസഭ കൗണ്‍സിലർമാരുടെ തന്ത്രങ്ങളാണു വിജയിക്കാതെ പോയത്.
കൗണ്‍സിലിൽ പരസ്പരം ഏറ്റുമുട്ടുന്ന ഭരണപക്ഷവും പ്രതിപക്ഷവും ജനമൈത്രി പോലീസിനെതിരെ തന്ത്രങ്ങൾമെനഞ്ഞ് ഒന്നിച്ചുനിന്നെങ്കിലും കൈയും മെയ്യും മറന്നുള്ള വടംവലിയിൽ പോലീസിന്റെ കൈക്കരുത്തിനെ തോല്പിക്കാനായില്ല.
ഇന്നലെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലായിരുന്നു വടംവലി മത്സരം. മുനിസിപ്പൽ ചെയർപേഴ്സണ്‍ നിമ്യ ഷിജുവിന്റെയും മുൻ ചെയർപേഴ്സണ്‍ സോണിയ ഗിരിയുടെയും നേതൃത്വത്തിൽ വനിത കൗണ്‍സിലർമാരും എസ്ഐ ഉഷയുടെയും അപർണ ലവകുമാറിന്റെയും നേതൃത്വത്തിൽ വനിതാ പോലീസും തമ്മിൽ നടന്ന ശക്തമായ മത്സരത്തിലും മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീറിന്റെയും പ്രതിപക്ഷ നേതാവ് പി.വി.ശിവകുമാറിന്റെയും നേതൃത്വത്തിൽ കൗണ്‍സിലർമാരും എസ്ഐ കെ.എസ്. സുശാന്തിന്റെയും ട്രാഫിക് എസ്ഐ തോമസ് വടക്കന്റെയും നേതൃത്വത്തിൽ നടന്ന പുരുഷ വിഭാഗം മത്സരത്തിലും ജനമൈത്രി പോലീസ് ഇരട്ടവിജയം കരസ്ഥമാക്കി.
മത്സരം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ. ഡോ. ആന്റു ആലപ്പാടൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണ്‍ നിമ്യ ഷിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി.വർഗീസ്, സബ് ഇൻസ്പെക്ടർ കെ.എസ.് സുശാന്ത്, കെസിവൈഎം പ്രസിഡന്റ് ധനുസ് നെടുമറ്റത്തിൽ, സെക്രട്ടറി ജിഫിൻ എപ്പറന്പൻ, കോ – ഓർഡിനേറ്റർ ടെൽസണ്‍ കോട്ടോളി, കണ്‍വീനർമാരായ തോബിയാസ് സൈമണ്‍, ഡേവിസ് ജൈസണ്, എബ്രഹാം പഞ്ഞി ക്കാരൻ, വത്സ ജോണ്‍ കണ്ടംകുളത്തി എന്നിവർ പ്രസംഗിച്ചു.
അഖില കേരള വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം ആഹാ ഫ്രണ്ട്സ് എടപ്പാളും രണ്ടാം സമ്മാനം ന്യൂ സെവൻസ് കാട്ടൂരും മൂന്നാം സമ്മാനം വാരിയേഴ്സ് വട്ടപ്പാറയും, നാലാം സമ്മാനം കിംഗ്സ് പറവൂരും കരസ്ഥമാക്കി. കെസിവൈഎം വർക്കിംഗ് ഡയറക്ടർ ഫാ. ടിനോ മേച്ചേരി സമ്മാനദാനം നിർവഹിച്ചു.