തൃത്തല്ലൂർ: തീരദേശ ദേശീയപാതയോട് ചേർന്ന്മഹാത്മ ഗാന്ധിയുടെ പേരിലുള്ള വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തെ മാസങ്ങളായി ഇരുട്ടിലാക്കി സോളാർ എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റ്.
ജില്ലയിലെ മികച്ച സാമൂഹികാരോഗ്യ കേന്ദ്രമെന്ന് അവകാശപ്പെട്ട് ആശുപത്രി വികസനത്തിന്റെ പേരിൽ ലക്ഷങ്ങൾ ചെലവഴിക്കുന്പോഴും ആശുപത്രി മുറ്റത്തെ ഹൈമാസ്റ്റ് തെളിയിക്കാൻ പോലും സാധിക്കുന്നില്ലെന്ന് രോഗികൾ പരാതിപ്പെട്ടു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ സാമൂഹികാരോഗ്യകേന്ദ്രം.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ മത്സ്യ ഗ്രാമം പദ്ധതി പ്രകാരം 2016 ഡിസംബർ 13ന് മുരളി പെരുനെല്ലി എംഎൽഎയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ചോണ്‍ ചെയ്തത്.2015-16 വർഷത്തെ കേരള തീരദേശ വികസന കോർപ്പറേഷന്റെ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിച്ച് സിഡ്കോ വഴിയാണ് സോളാർ എൽ ഇ ഡി ഹൈമാസ്റ്റ് സ്ഥാപിച്ചത്.
നാലു മാസത്തിലേറെയായി ഹൈമാസ്റ്റ് കണ്ണടച്ചിട്ട്.ഇത് വരെയും അറ്റകുറ്റപ്പണി നടത്തി ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കുന്നില്ല. കരാറുകാർ അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ പറയുന്നതല്ലാതെ അറ്റകുറ്റപ്പണി മാത്രം നടത്തുന്നില്ല.
തീരദേശ വികസന കോർപ്പറേഷൻ ഫണ്ട് ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റിന്റെ അറ്റകുറ്റപണിയുൾപ്പടെയുള്ള പരിപാലന ചുമതല ബ്ലോക്ക് പഞ്ചാലത്തിനാണെന്ന് പറയുന്നു.എന്നാൽ തളിക്കളം ബ്ലോക്ക് പഞ്ചായത്തോ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്തോ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് പരക്കെ ആരോപണമുണ്ട്.