തൃശൂർ: അപകടാവസ്ഥയിലായ തൃശൂർ-വാടാനപ്പിള്ളി റോഡിന്റെ നവീകരണം എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം സമർപ്പിക്കാനാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയുടേതാണ് ഉത്തരവ്.
റോഡിന്റെ ദുരവസ്ഥയെത്തുടർന്ന് ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. റോഡ് നിർമാണം അടിയന്തരമായി നടത്താൻ ആവശ്യപ്പെട്ട് വർഗീസ് എന്നയാൾ 2016ൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നിർമാണം എത്രയും വേഗം നടത്തണമെന്ന് ഉത്തരവ് വന്നെങ്കിലും ഉദ്യോഗസ്ഥർ പണി ആരംഭിച്ചിരുന്നില്ല.
ദുരന്തനിവാരണ നിയമപ്രകാരം റോഡ് നിർമാണം അടിയന്തരമായി പൂർത്തീകരിക്കാനും അതുവരെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ട് ഷാജി കോടങ്കണ്ടത്ത് ജില്ലാ കളക്ടർക്ക് ഒക്ടോബർ 30ന് പരാതി നൽകിയിരുന്നു. റോഡിന്റെ നിലവിലെ അവസ്ഥയിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. തൃശൂർ-കാഞ്ഞാണി- വാടാനപ്പിള്ളി റോഡിന് 33.6 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. 2016ലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനുപുറമേ പടിഞ്ഞാറേകോട്ട മുതൽ എറവ് വരെയുള്ള റോഡ് വികസനത്തിന് 22 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭ്യമായിരുന്നു.