വാടാനപ്പള്ളി: തൃശൂർ റോഡിലെ വാടാനപ്പള്ളി സ്വകാര്യ മീൻ മാർക്കറ്റിനും റിസോർട്ടിനും ഇടയിൽ ഇന്ന് രാവിലെ രണ്ട് സ്വകാര്യ ബസുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി ഉൾപ്പടെ 20 പേർക്ക് പരിക്ക്. ഇന്നുരാവിലെ 7.50 നാണ് അപകടം. തൃപ്രയാറിൽ നിന്ന് വാടാനപ്പള്ളി വഴി തൃശൂരിലേക്ക് പോയിരുന്ന വലിയകത്ത് ബസും, തൃശൂരിൽ നിന്ന് വാടാനപ്പള്ളി – തൃപ്രയാറിലേക്ക് പോയിരുന്ന വഴി നടയക്കൽ ശ്രീഭദ്ര ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിനു കാരണം അമിതവേഗമെന്നാണ് പ്രാഥമിക നിഗമനം.
വലിയകത്ത് ബസ് ഡ്രൈവർ വെളുത്തൂർ ചക്കരക്കൽ ജിൽജോ (40), മനക്കൊടി അറക്കവീട്ടിൽ മിഷ (18), കാഞ്ഞാണി എറയത്ത് ജെയ്സണ് (45),കാഞ്ഞാണി കുരുതുകുളങ്ങര സോഫി (21), തളിക്കുളം വേലായി ലക്ഷ്മി (21), തളിക്കുളം തളിക്കുളത്ത് വീട്ടിൽ അനു(32), വാടാനപ്പള്ളി ഉണ്ണിയാരം പുരയ്ക്കൽ ആതിര (22), തളിക്കുളം തളിക്കുളം വീട്ടിൽ സംഗമിത്ര (55), വഴിനടയ്ക്കൽ ബസ് ഡ്രൈവർ കല്ലായി വീട്ടിൽനിധീഷ് (30), വെളുത്തൂർ വെളുത്തേടത്ത് ശശികുമാർ (50), മണലൂർ മാനന്തറ വീട്ടിൽ കുമാരൻ (55), തളിക്കുളം സ്വദേശികളായ കൊടുവത്ത് പറന്പിൽ അരഞ്ഞിപ്പറന്പിൽ ശ്രീധരൻ, കാരമുക്ക് കീർത്തിയിൽ പ്രസന്നൻ, വാടാനപ്പള്ളി മേപ്പറന്പിൽ ബിജിഷ്, നാട്ടിക തട്ടുംപുര ശശാങ്കൻ, വാടാനപ്പള്ളി പണിക്കവീട്ടിൽ തസ്മി, എറവ് വടക്കുട്ട്ബോബി, സ്നേഹ എന്നിവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാടാനപ്പള്ളി ആക്ട്സ്, തളിക്കുളം ഗാന്ധികെയർ, തളിക്കുളം ജുമാ മസ്ജിദ് തുടങ്ങി ആംബുലൻസ് പ്രവർത്തകരും മാർക്കറ്റിലെത്തിയ കാറുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്. രണ്ട് പേർക്ക് തലയ്ക്ക് പരിക്കേറ്റു.
ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ രണ്ട് ബസുകളും പിന്നിലേക്ക് നിരങ്ങി നീങ്ങുകയും ഒരു ബസിലെ ഡ്രൈവർ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. വലിയകത്ത് ബസിന്റെ ഡ്രൈവറുടെ സീറ്റിന്റെ വശവും ബസിന്റെമുൻവശവും പൂർണമായും തകർന്നു. വഴിനടയ്ക്കൽ ബസിന്റെ ഡ്രൈവർ സീറ്റ് ഭാഗം ഉൾപ്പടെ മുൻവശം ഭാഗികമായും തകർന്നു.
ബസുകളിൽ നിന്നുയർന്ന കൂട്ട നിലവിളി കേട്ടാണ് നാട്ടുകാരും മീൻ മാർക്കറ്റിലുള്ളവരും ഓടിയെത്തിയത്. പരിക്കേറ്റ് സ്ത്രീകളെല്ലാം റോഡിൽ ഇരിക്കുകയായിരുന്നു. പിന്നാലെ വാടാനപ്പള്ളി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചു പേർക്ക് പരിക്കേറ്റ വെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച് പിന്മാറിയെന്ന് പറയുന്നു. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.