വടശേരിക്കര: രാത്രി 8.30 ആയിട്ടേയുള്ളൂ…. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ പുറത്തു കൂരിരുട്ടാണ്. പുറത്തേക്ക് ടോർച്ച് അടിച്ചപ്പോൾ പടി കയറി പോകുന്ന കടുവയെയാണ് കാണുന്നത്.
അപ്പോഴേക്കും ആടുകളുടെ കൂട്ടക്കരച്ചിലും നായയുടെ കുരയുമെല്ലാം കേൾക്കാമായിരുന്നു.” ഈ കാഴ്ച കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂവെന്നു പറയുന്പോഴും സദാനന്ദന്റെ കണ്ണിൽ ഭീതി.
വടശേരിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽപെട്ട ബൗണ്ടറി ചെന്പരത്തിൽമൂട് (ആർക്കേമൺ) വാലുമണ്ണിൽ സദാനന്ദന്റെ വീട്ടിലെ ആട്ടിൻകൂട്ടത്തിൽ നിന്ന് ആറു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കടുവ പിടിച്ചത് തിങ്കളാഴ്ച രാത്രിയാണ്.
കടുവയെ നേരിൽകണ്ട സദാനന്ദന് ഇപ്പോഴും ഭീതി മനസിൽ നിന്നു മാറിയിട്ടില്ല. ഇനിയുള്ള രാത്രികളിലും കടുവ വരുമെന്ന ഭയം അദ്ദേഹത്തിനുണ്ട്.
തിങ്കളാഴ്ച സന്ധ്യ മുതൽക്കേ പ്രദേശത്തു വൈദ്യുതി ഉണ്ടായിരുന്നില്ല. വീടിന്റെ പിറകിലായി വച്ചിരുന്ന ഷീറ്റിൽ ആരോ ചവിട്ടുന്ന ശബ്ദം കേട്ടു. പിന്നാലെ വളർത്തുനായ കുരച്ചു. ഏതോ മൃഗം എത്തിയിട്ടുണ്ടെന്ന് സംശയമായി.
ഇതിനിടയിലാണ് ഒരു അലർച്ച കേട്ടത്. ഒപ്പം ആടുകളുടെ കൂട്ട കരച്ചിലും. എന്തോ അപകടം മണത്ത് കതകു തുറന്ന് ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് പടികൾ കയറിപ്പോകുന്ന കടുവയെ കാണുന്നത്.
ശബ്ദം ഉണ്ടാക്കാൻ പോലുമായില്ല. വീട്ടുപരിസരത്ത് ആനയെയും കാട്ടുപോത്തിനെയുമൊക്കെ മുന്പ് കണ്ടിരുന്നു. പക്ഷേ കടുവയെ കാണുന്നത് ഇതാദ്യമെന്ന് സദാനന്ദൻ.
ഭാര്യ ആശാ വർക്കറായ അന്പിളിയും സദാനന്ദനും ഇവരുടെ വയോധിക മാതാവുമാണ് വീട്ടിലുള്ളത്. ആടുകളെ വളർത്തിയും ടാപ്പിംഗ് ചെയ്തൊക്കെയാണ് ജീവിക്കുന്നത്.
അയൽവാസികളെ വിളിച്ചുകൂട്ടി ആട്ടിൻ തൊഴുത്തിൽ എത്തിയപ്പോൾ നാല് ആട്ടിൻ കുട്ടികളെ കാണാനില്ല. രാത്രിയിൽ തന്നെ വനപാലകരും സ്ഥലത്തെത്തി.
എല്ലാവരും കൂടി നടത്തിയ തെരച്ചിലിൽ ഒരു ആട്ടിൻകുട്ടിയെ സമീപത്തുനിന്നു കണ്ടെത്തി. മറ്റു രണ്ടെണ്ണത്തെ റോഡരികിലും കണ്ടു. ഭയന്നു പോയ ആട്ടിൻകുട്ടികൾ കുട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ഇതിൽ ഒരു ആട്ടിൻകുട്ടിയുടെ കഴുത്തിനു താഴെയായി മുറിവേറ്റിട്ടുണ്ട്. കടുവ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതിനിടെയുണ്ടായ മുറിവാണിത്.
ഇന്നലെ രാവിലെ നടന്ന പരിശോധനയിൽ സദാനന്ദന്റെ വീടിന്റെ 100 മീറ്റർ മാറി കാണാതായ ആട്ടിൻകുട്ടിയുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. ഈ ഭാഗത്തു കടുവയുടെ കാൽപാദങ്ങളും ഉണ്ട്.
ജനവാസ മേഖല,കുറ്റിക്കാടുകൾ താവളം
വടശേരിക്കര ടൗണിൽ നിന്നും അധികം അകലത്തിലല്ലാത്ത ജനവാസ മേഖലയാണ് ബൗണ്ടറി, ചെന്പരത്തിൽമൂട്, ആർക്കേമൺ പ്രദേശങ്ങൾ. പന്പ ജലസേചന പദ്ധതിയുടെ പ്രധാന കനാൽ കടന്നുപോകുന്നതിനോടു ചേർന്നാണ് കടുവയുടെ സാന്നിധ്യം കണ്ടത്.
ടാപ്പിംഗ് തൊഴിലാളികളും സാധാരണക്കാരും അടങ്ങുന്നവരാണ് പ്രദേശവാസികൾ. വർഷങ്ങളായി ഈ പ്രദേശത്തു താമസിക്കുന്ന ഇവരുടെ പ്രധാന ഉപജീവനം കൃഷിയും കാലിവളർത്തലുമാണ്.
കാട്ടുമൃഗ ശല്യം ഏറിയതോടെ കൃഷി പലരും അവസാനിപ്പിച്ചു. ഇതോടെ പുരയിടങ്ങൾ കാടു കയറി. ടാപ്പിംഗ് നിലച്ച തോട്ടങ്ങളിലും കാടു കയറി. പന്പാ ജലസേചന പദ്ധതിയുടെ കനാൽ റോഡും പരിസരങ്ങളും കാടു നിറഞ്ഞിരിക്കുകയാണ്. കടുവയ്ക്കു താവളമാകാൻ പ്രദേശത്തു തന്നെ സൗകര്യങ്ങളുണ്ട്.
ഒരുമാസത്തിലേറെയായി പെരുനാട് ബഥനിമല ഭാഗത്ത് കടുവയുടെ സ്ഥിരമായ ശല്യം ഉണ്ടായിരുന്നു.കഴിഞ്ഞദിവസം ഈ ഭാഗത്തെ കാട് തെളിച്ചു തുടങ്ങിയതോടെ കടുവ ഇവിടേക്ക് എത്തിയതാകാമെന്ന നിഗമനമാണുള്ളത്.
കടുവയുടെ സാന്നിധ്യം അറിഞ്ഞതോടെ ജനങ്ങൾ ഏറെ ഭീതിയിലാണ്. പകൽ പോലും പുറത്തിറങ്ങാൻ ഭയമായെന്ന് നാട്ടുകാർ. കുട്ടികളും സ്ത്രീകളും ഇന്നലെ വീടിനു പുറത്തേക്കിറങ്ങാൻ ഭയപ്പെട്ടു.
കുളിക്കാനും മറ്റുമായി സമീപത്തെ തോടും കനലുമൊക്കെയാണ് ഇവർ ആശ്രയിക്കുന്നത്. ഈ ഭാഗത്തു തന്നെയാണ് കടുവയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്.
പരിശോധനകളുമായി വനപാലകർ, കൂടും കാമറയും സ്ഥാപിച്ചു
കടുവയെ കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രി മുതൽ വനപാലകർ ബൗണ്ടറി ഭാഗത്ത് കാവലിലാണ്. റേഞ്ച് ഓഫീസർ കെ.വി. രതീഷ് കുമാറിന്റെ നേതൃത്വത്തിൽ രാത്രിയിൽ തന്നെ പരിശോധനകൾ തുടങ്ങിയിരുന്നു. കടുവയുടെ കാൽപാദങ്ങൾ പലയിടത്തായി കണ്ടിട്ടുണ്ട്.
ഇന്നലെ രാവിലെ കുറ്റിക്കാട്ടിൽ കടുവ ഉണ്ടെന്ന പ്രചാരണമുണ്ടായതോടെ വനപാലക സംഘം തെരച്ചിൽ നടത്തിയെങ്കിലും ഒന്നിനെയും കണ്ടില്ല. പരിസരത്ത് എവിടെയെങ്കിലും കടുവ തങ്ങാനിടയുണ്ടെന്ന് വനപാലകരും പറയുന്നു.
ജനങ്ങളുടെ ഭീതി അകറ്റുന്നതിലേക്ക് വനപാലക സംഘത്തെ പട്രോളിംഗിനായി നിയോഗിച്ചിരിക്കുകയാണ്. താമരപ്പള്ളിൽ തോട്ടത്തിൽ രാത്രിയോടെ കൂടും കാമറയും സ്ഥാപിച്ചു.
ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, തിരുവല്ല സബ് കളക്ടർ സഫ്ന നസറുദീൻ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ സുരേഷ്, വാർഡ് അംഗം ജോർജ് കുട്ടി വാഴപ്പിള്ളേത്ത് തുടങ്ങിയവർ ഇന്നലെ പ്രദേശം സന്ദർശിച്ചു.
കാട്ടാനയും കാട്ടുപോത്തും നിത്യസന്ദർശകർ
വടശേരിക്കര ടൗണിൽ നിന്നു രണ്ട് കിലോമീറ്റർ മാത്രം അകലത്തിലുള്ള ബൗണ്ടറി ഭാഗത്ത് കഴിഞ്ഞയാഴ്ചയാണ് കാട്ടാനകൾ എത്തിയത്. ഇവയുടെ ശല്യം നിരന്തരമായി ഉണ്ടാകുന്നുണ്ട്.
ഒളികല്ല, ബൗണ്ടറി, ആർക്കേമൺ ഭാഗത്ത് കാട്ടാനയും കാട്ടുപോത്തും നിത്യസന്ദർശകരായി മാറിയിട്ടുണ്ട്. സമീപത്തെ താമരപ്പള്ളി എസ്റ്റേറ്റിൽ കഴിഞ്ഞദിവസം പകലും കാട്ടുപോത്തിനെ കണ്ടു.
കടുവ ആടിനെ പിടിച്ചതിനു പിന്നാലെ നടത്തിയ തെരച്ചിലിലും കാട്ടുപോത്തിനെയും കാട്ടാനയെയുമൊക്കെ വനപാലകർ അടക്കം കണ്ടിരുന്നു.
ടാപ്പിംഗ് നിലച്ചു കിടക്കുന്ന എസ്റ്റേറ്റ് വന്യമൃഗങ്ങൾ താവളമാക്കിയിട്ടുണ്ട്. സോളാർ വേലി സ്ഥാപിക്കുന്ന ജോലികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികളുടെ ഭീതി മാറുന്നില്ല.
മോഡൽ റസിഡൻഷ്യൽ സ്കൂളും തൊട്ടരികിൽ
കടുവയും കാട്ടുപോത്തും കാട്ടാനയുമൊക്കെ വിഹരിക്കുന്ന ബൗണ്ടറി മേഖലയിൽ തന്നെയാണ് ഗവൺമെന്റ് മോഡൽ റസിഡന്ഷ്യൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ കാന്പസിൽ തന്നെയാണ് ഹോസ്റ്റലും കളിക്കളവുമെല്ലാം.
അടുത്തയാഴ്ച സ്കൂൾ തുറക്കുന്നതോടെ കുട്ടികളെത്തും. ജില്ലയ്ക്കകത്തും പുറത്തുമുള്ള കുട്ടികൾ പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
സ്കൂൾ കാന്പസ് വൃത്തിയാക്കിയിട്ടുണ്ടെങ്കിലും സമീപ പ്രദേശങ്ങളിൽ കാടു വളർന്നു നിൽക്കുകയാണ്. ഇവിടെയാണ് വന്യമൃഗങ്ങൾ താവളമാക്കിയിട്ടുള്ളത്.