കോതമംഗലം: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുകയും മോട്ടോർ വാഹനവകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ളതുമായ റോഡിൽ സഞ്ചരിക്കാൻ അനുമതി നിഷേധിച്ച് വനം വകുപ്പ് ചങ്ങലയിട്ട് അടച്ചു.
സംഭവത്തെത്തുടർന്ന് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. വടാട്ടുപാറയെയും കുട്ടന്പുഴയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന റോഡിനാണ് വനംവകുപ്പ് ചങ്ങലയിട്ടത് .വർഷങ്ങൾക്ക് മുന്പ് ബസ് സർവീസ് ഉണ്ടായിരുന്ന റോഡാണിത്.
കുട്ടന്പുഴ പഞ്ചായത്ത് ഏതാനും വർഷം മുന്പ് കുട്ടന്പുഴ പുഴയിൽ ജങ്കാർ സർവീസ് ഏർപ്പെടുത്തി ആളുകളെ പുഴയുടെ ഇരുകരകളിലുമെത്തിച്ച് വടാട്ടുപാറ – കുട്ടന്പുഴ റോഡിലൂടെ യാത്രാസൗകര്യം ഉറപ്പാക്കിയിരുന്നു. പിന്നീട് ജങ്കാർ സർവീസ് നിലച്ചു. ഇതിന് പിന്നാലെയാണ് വനത്തിലൂടെയുള്ള റോഡ് വനംവകുപ്പ് അടച്ചത്.
വടാട്ടുപാറ നിവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനമായ കുട്ടന്പുഴയിലെത്തണമെങ്കിൽ ഇപ്പോൾ 30 കിലോമീറ്ററിലേറെ ചുറ്റിസഞ്ചരിക്കണം. വനപാത തുറക്കുകയും ജങ്കാർ സർവീസ് പുനരാരംഭിക്കുകയും ചെയ്താൽ യാത്ര നാല് കിലോമീറ്ററായി ചുരുങ്ങും. ആളുകളുടെ സമയനഷ്ടവും സാന്പത്തിക നഷ്ടവും ഏറെ കുറയ്ക്കാനാകും.
റോഡ് അടച്ചുപൂട്ടുന്നതിന് മുന്പ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്ക്രീറ്റ് ചെയ്തിരുന്നു. പകുതിഭാഗത്ത് മെറ്റലിംഗും നടത്തി.പഞ്ചായത്തിന്റെതല്ലാത്ത റോഡിൽ എന്തിന് തുക ചെലവഴിച്ചു എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.
റോഡിൽ പഞ്ചായത്തിന് അവകാശമുണ്ടെങ്കിൽ വനംവകുപ്പ് അടച്ചുപൂട്ടിയതെന്തിനെന്ന സംശയവുമുണ്ട്. റോഡ് തുറക്കുകയും ജങ്കാർ സർവ്വീസ് പുനരാരംഭിക്കുകയും ചെയ്തില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
നെടുന്പാശേരി-കൊടൈക്കനാൽ റോഡ് എന്ന് മോട്ടോർ വാഹനവകുപ്പിന്റെ ബോർഡും റോഡിന്റെ കവാടത്തിലുണ്ട്. വടാട്ടുപാറ – കുട്ടന്പുഴ – ആനക്കയം വഴിയാണ് റോഡ് കടന്നുപോകുന്നതെന്നാണ് ബോർഡിലുള്ളത്. സഞ്ചരിക്കാൻ അനുവാദമില്ലാത്ത റോഡിൽ മോട്ടോർ വാഹനവകുപ്പ് ബോർഡ് പ്രദർശിപ്പിച്ചിരിക്കുന്നതാണ് ഏറെ വിചിത്രം.