കോട്ടയം: ഇതു ലയമല്ല, ഭയാലയമാണ്. ഒടിഞ്ഞ് തൂങ്ങിയ ജീര്‍ണിച്ച മേല്‍ക്കൂര, തള്ളിയാല്‍ മറിഞ്ഞുവീണേക്കാവുന്ന ഭിത്തികള്‍, ഇളകിയ ജനലുകളും വാതിലുകളും ജീര്‍ണിച്ച് ഏതുനിമിഷവും താഴേയ്ക്കു വീഴാം.
കോട്ടയം നഗരത്തിന്റെ ഓരത്ത് ഏതുനിമിഷവും ഇടിഞ്ഞുവീണേക്കാവുന്ന ലയത്തില്‍ എട്ടോളം കുടുംബങ്ങള്‍ അധികൃതരുടെ ദയയ്ക്കു കാത്ത് കഴിയുകയാണ്.
വടവാതൂര്‍ മാലിന്യകേന്ദ്രത്തിനു പിന്നിലായി മുനിസിപ്പാലിറ്റിയുടെ ലയത്തിലാണ് വയോധികരും കുട്ടികളും ഉള്‍പ്പെടെ 27 ഓളം പേര് വലിയ ദുരന്തത്തെ പ്രതീക്ഷിച്ച് ഭീതിയോടെ കഴിയുന്നത്. 40 വര്‍ഷത്തോളമായി ഇവര്‍ ഇവിടെ കഴിയുന്നു.
1970 കളില്‍ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികള്‍ക്കായി നിര്‍മിച്ച ലയമാണിത്. പിന്നീട് 1982 ല്‍ ഒരു സന്നദ്ധ സംഘടന ഈ ലയം ലീസിനെടുത്ത് അനാഥരായവരെ പുനഃരധിവസിപ്പിക്കുകയായിരുന്നു.
രണ്ട് മുറിയും ഒരു അടുക്കളയും ചേര്‍ന്ന പരിമിത സൗകര്യം മാത്രമാണ് ലയത്തിലുള്ളത്. മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാല്‍ താമസക്കാര്‍ക്ക് അറ്റകൂറ്റപ്പണി നടത്താന്‍ തടസമുണ്ട്. മറ്റാര്‍ക്കെങ്കിലും കൈമാറാനും കഴിയില്ല.
അമ്പതിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായിട്ട് നാളുകളേറയായി. ഭിത്തികളെല്ലാം വിണ്ടു കീറിയ നിലയിലാണ്. പലയിടത്തും കുമ്മായ പ്ലാസ്റ്ററിംഗ് അടര്‍ന്ന് മണ്‍കട്ടകള്‍ തെളിഞ്ഞുനില്ക്കുകയാണ്.
മേല്‍ക്കൂര ആകെ തകര്‍ന്ന അവസ്ഥയിലും. മഴയെ പ്രതിരോധിക്കാന്‍ പലരും പടുത മേല്‍ക്കൂരയില്‍ ഇട്ടിരിക്കുകയാണ്.
തങ്ങളുടെ ദുരിതാവസ്ഥയ്ക്കു പരിഹാരത്തിനായി പലവാതിലുകള്‍ മുട്ടിയിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇവിടുത്തെ താമസക്കാരിയായ സോണിയ പറയുന്നു.
മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും മന്ത്രി വി.എന്‍. വാസവനും നിവേദനം നല്കി. മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. ഒരിടത്തുനിന്നും നീതി കിട്ടിയില്ലെന്ന് സോണിയ പറഞ്ഞു.
വിജയപുരം പഞ്ചായത്തിലാണ് ലയം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ കെട്ടിടം മുനിസിപ്പാലിറ്റിയുടേതും. മുനിസിപ്പാലിറ്റിയെ സമീപിക്കുമ്പോള്‍ പഞ്ചായത്തില്‍ ചെല്ലാനും പഞ്ചായത്തിലെത്തുമ്പോള്‍ മുനിസിപ്പാലിറ്റിയാണ് തീരുമാനിക്കുന്നതെന്നും കൈമലര്‍ത്തുകയാണ് – സോണിയ പറഞ്ഞു.
താമസക്കാര്‍ എല്ലാവരും തന്നെ കൂലിപ്പണിക്കാരാണ്. വയോധികരില്‍ കണ്ണുകാണാന്‍ കഴിയാത്തവരും ഗുരുതര രോഗാവസ്ഥയിലുള്ളവരുമുണ്ട്.
ഇവരൊക്കെ ആകെയുള്ള കിടപ്പാടം നഷ്ടമായാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയില്‍ നീറിക്കഴിയുകയാണ്. അധികൃതര്‍ ആരും തന്നെ ഈ വഴി തിരിഞ്ഞുനോക്കാറില്ലെന്ന് കുടുംബങ്ങള്‍ സങ്കടം പറയുന്നു. അല്ലെങ്കില്‍ തന്നെ സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരുടെ കരച്ചില് ഏതുകാതുകളിലാണു പതിക്കുക.