കോട്ടയം: സ്നേഹകൂട്ടായ്മയിൽ തരിശു കിടന്ന പാടത്ത് കൃഷിയിറക്കി യുവാക്കൾ. വടവാതൂർ മാലം കരിക്കോട്ടു മൂല പാടശേഖരത്തെ 25 ഏക്കറിലാണ് യുവാക്കളുടെ കൂട്ടായ്മയിൽ കൃഷിയിറക്കിയത്. കുമരകം സ്വദേശി സുമിയൻ, പാലാ സ്വദേശി വിനോദ്, അയ്മനം സ്വദേശി സലി, കുമരങ്കരി സ്വദേശി മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തരിശുപാടത്ത് പെന്നുവിളയിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കി വരികയാണ്.
മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീപുനർ സംയോജന പദ്ധതിയുടെ ഭാഗമായി അടുത്ത നാളിൽ മീനന്തറയാറ്റിൽ നിന്നും വടവാതൂരിലേക്കുള്ള കരിക്കോട്ടുമൂല കൈവഴി തെളിക്കുകയും ജലം ഒഴുകിയെത്തുകയും ചെയ്തിരുന്നു.
ഈ ജലം കൈവഴിയിൽ നിന്നും മോട്ടോർ ഉപയോഗിച്ച് പന്പ് ചെയ്ത പാടത്ത് എത്തിച്ചാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ട്രക്്ടർ ഉപയോഗിച്ച് നിലം ഉഴുതെടുത്തശേഷം അത്യുത്പാദന ശേഷിയുള്ളതും 100 ദിവസത്തിനകം കൊയ്തെടുക്കാവുന്നതുമായ കാഞ്ചന വിത്താണ് വിതച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ വിത പൂർത്തിയാകും.