കോലഞ്ചേരി: വടവുകോട് സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ലീവിൽ പോയതോടെ രോഗികൾ വലയുന്നു. ചികിൽസക്കായി ചീട്ടെടുത്തിട്ടും ചികിൽസ നിഷേധിച്ചതായി പരാതി. വർക്ക് അറേജ്മെൻറ്റിന്റെ ഭാഗമായി ഇന്നലെ എത്തിയ ഒരു ഡോക്ടർ നൂറിന് മുകളിൽ രോഗികളെയാണ് പരിചരിച്ചത്.
കോടിക്കണക്കിന് രൂപ മുടക്കി പുതിയ കെട്ടിടങ്ങൾ നിർമിച്ചും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയും നന്നായി പ്രവർത്തിച്ചുവന്ന വടവുകോട് സർക്കാർ ആശുപത്രിയാണ് ഡോക്ടർമാരില്ലാതെ വലയുന്നത്. നാല് ഡോക്ടർമാരുടെ സേവനമുള്ള ഇവിടെ നാല് പേരും ലീവിലായതാണ് പ്രശ്നങ്ങൾക്ക് കാരണമായി പറയുന്നത്.
ഒരു ഡോക്ടർ പി.ജിക്ക് അഡ്മിഷൻ കിട്ടി പോകുകയും ഒരാൾ മെറ്റേർനിറ്റി ലീവിലുമാണ്. മറ്റൊരു ഡോക്ടറാണെങ്കിൽ ആശുപത്രിയിൽ എത്താറുമില്ല. പിന്നെയുള്ള ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. അദ്ദേഹവും ലീവിലാകുന്നതോടെ ആശുപത്രിയിൽ ഡോക്ടർമാരില്ലാത്ത സ്ഥിതിയാണ്.
ദിവസേന നൂറുകണക്കിന് രോഗികൾ വരുന്ന ആശുപത്രിയിൽ ഉടൻ ഡോക്ടർമാരെ നിയമിക്കണമെന്ന് വി.പി. സജീന്ദ്രൻ എംഎൽഎ ആവശൃപ്പെട്ടു. പ്രദേശത്തെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ വടവുകോട് സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്ന് പുത്തൻകുരിശ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
അതിനുവേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് സി.എൻ. വൽസലൻ പിള്ള, ടി.കെ.പോൾ ബ്ലോക്ക് ഭാരവാഹികളായ മനോജ് കാരക്കാട്ട്, ബെന്നി പുത്തൻവീട്ടിൽ, മണ്ഡലം ഭാരവാഹികളായ ഷാജൻ പീ. പോൾ, പി.പി. സുനി ബിജു ഞാറക്കാട്ടിൽ എന്നിവർ അറിയിച്ചു.