കോലഞ്ചേരി: വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർ കൂട്ടത്തോടെ പോയപ്പോൾ പഞ്ചായത്ത് ഓഫീസ് കാലി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ഓഫീസിൽ ഇന്നലെ രാവിലെ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ ഇതുമൂലം വലഞ്ഞു.
ഓഫീസ് ജീവനക്കാരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബഹുഭൂരിപക്ഷം ജീവനക്കാരും പോയത്. ഉയർന്ന ഉദ്യോഗസ്ഥർ കോണ്ഫറൻസിലുമായിരുന്നു. എന്നാൽ പണം സ്വീകരിക്കുന്ന കൗണ്ടറിന്റെ പ്രവർത്തനത്തിന് മാത്രം മുടക്കമുണ്ടായില്ല. വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങാനും മറ്റുമായി ഓഫീസിലെത്തിയ സാധാരണക്കാർ ഏറെനേരം കാത്തിരുന്നശേഷം നിരാശയോടെ മടങ്ങുകയായിരുന്നു.
പഞ്ചായത്ത് ഓഫീസിൽ ജോലിക്കാർ വൈകിയെത്തുന്നതു സംബന്ധിച്ച് നേരത്തെയും പരാതിയുയർന്നിരുന്നു. അതേസമയം ഓഫീസിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നാണ് പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ പറയുന്നത്.