ജയ്പുർ: ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പത്തൊൻപതുകാരന് തൂക്കുകയർ. ബാലപീഡനത്തിന് വധ ശിക്ഷ ഏർപ്പെടുത്തിയ രാജസ്ഥാനിലെ പുതിയ നിയമപ്രകാരമാണ് പ്രതിയെ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചത്.
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന നിയമം കഴിഞ്ഞ മാർച്ചിലാണ് രാജസ്ഥാൻ നിയമസഭ പാസാക്കിയത്. ഈ നിയമപ്രകാരമുള്ള ആദ്യത്തെ വധ ശിക്ഷയാണ് ഇന്നുണ്ടായത്. ബാലസംരക്ഷണനിയമമായ പോസ്കോ ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബാലപീഡര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നത്.
മധ്യപ്രദേശ് സർക്കാരാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ നിയമം കൊണ്ടുവന്നത്. ഡിസംബറിലാണ് മധ്യപ്രദേശ് നിയമം പാസാക്കിയത്. ഇതിനു ശേഷമാണ് രാജസ്ഥാൻ പുതിയ നിയമം കൊണ്ടുവന്നത്.
കഴിഞ്ഞ മേയ് മാസം ഒമ്പതിന് സികർ ജില്ലയിലെ ലക്ഷ്മൺഗഡിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അയൽവാസിയായ പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷണം ആരംഭിച്ച മാതാപിതാക്കൾ ഒരു കിലോമീറ്റർ അകലെ ഫുട്ബോൾ മൈതാനത്ത് കണ്ടെത്തി. കുട്ടിയെ അൽവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 20 ചികിത്സയിൽ കഴിയുകയും ചെയ്തു.
പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. അതിവേഗതയിലാണ് കേസിന്റെ വിചാരണ പൂർത്തിയായത്. തുടർച്ചയായ ദിവസങ്ങളിൽ വാദം കേട്ട കോടതി 70 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി.