കായംകുളം: ജാതിമത ചിന്തകള്‍ക്ക് അതീതമായി മാനുഷിക മൂല്യങ്ങള്‍ക്കാണ് സ്ഥാനമെന്ന സന്ദേശം ഒരിക്കല്‍ കൂടി പ്രകടമാക്കി നിര്‍ധനയായ ഹിന്ദു യുവതിയുടെ വിവാഹം നടത്താന്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി രംഗത്ത്. കായംകുളം ചേരാവള്ളി അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെ മകള്‍ അഞ്ജുവിന്റെ വിവാഹമാണ് കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് നടത്തുന്നത്.
19 നു രാവിലെ 11.30നും 12.30 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേ തെക്കടത്ത് തറയില്‍ ശശിധരന്റെ മകന് ശരത്തുമായാണ് അഞ്ജുവിന്റെ വിവാഹം. മുസ്ലിം പള്ളി അങ്കണം ഇവരുടെ വിവാഹത്തിനുള്ള കതിര്മണ്ഡപമാവും.
മകളുടെ വിവാഹം നടത്താന്‍ സാമ്പത്തിക സഹായം തേടി അഞ്ജുവിന്റെ മാതാവ് ബിന്ദു ചേരാവള്ളി മുസ്ലിം ജമാഅത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ച് സാമ്പത്തിക സഹായത്തിനപ്പുറം വിവാഹംതന്നെ പൂര്‍ണമായി ഏറ്റെടുത്ത് നടത്തിക്കൊടുക്കാന്‍ ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഭര്‍ത്താവ് അശോകന് രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായ ബിന്ദുവും മൂന്നു മക്കളും ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. ബിന്ദുവിന്റെയും കുടുംബത്തിന്റെയും പ്രയാസം മനസിലാക്കി ചേരാവള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറിയും വ്യാപാരി നേതാവുമായ നുജുമുദീന്‍ ആലുംമൂട്ടിലാണ് ബിന്ദുവിനോട് ജമാഅത്ത് കമ്മിറ്റിക്ക് ഒരു അപേക്ഷ നല്കാന് നിര്‍ദേശിച്ചത്.
ഈ കുടുംബത്തിന്റെ വിഷമം നേരിട്ട് ബോധ്യപ്പെട്ട ജമാഅത്ത് കമ്മിറ്റിക്ക് മറ്റൊന്നും ചിന്തിക്കാന്‍ ഉണ്ടായില്ല. അപേക്ഷ പരിഗണിച്ച് മകളുടെ വിവാഹം നടത്തി നല്‍കാമെന്ന് അറിയിച്ചു. ലെറ്റര്‍ പാഡില്‍ വിവാഹ ക്ഷണക്കത്ത് തയാറാക്കി അഞ്ജുവിന്റെ വിവാഹത്തിന് അതിഥികളെ ക്ഷണിക്കുന്ന ദൗത്യവും ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്തു.
ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്. ജമാഅത്ത് കമ്മിറ്റി പുറത്തിറക്കിയ വിവാഹക്ഷണക്കത്ത് മതസൗഹാര്‍ദത്തിന്റെ മഹനീയ മാതൃകയായി ഫേസ് ബുക്കിലും വാട്സ് ആപ് ഗ്രൂപ്പുകളിലും ഇപ്പോള്‍ പ്രചരിക്കുകയാണ്.