കീച്ചേരി: കീച്ചേരിയിൽ നിന്നും വീണ്ടും വാളുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വളപട്ടണം സിഐ കൃഷ്ണൻ മാവള്ളി, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിൽ കീച്ചേരിവളവിൽ ഓവുചാലിൽ നിന്നും ഒൻപത് വാളുകളാണ് കണ്ടെടുത്തത്.
തൊഴിലുറപ്പു തൊഴിലാളികൾ കാട് വെട്ടി തെളിക്കവെ പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് വാളുകൾ കണ്ടത്. വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്ത് എത്തി വാളുകൾ കസ്റ്റഡിയിൽ എടുത്തു. നേരത്തെ കണ്ടെടുത്ത അതേ വാളുകളുമായി ഇതിന് സാമ്യം ഉണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ഇന്നലെ രാത്രി കീച്ചരി, അരോളി, പാപ്പിനിശേരി ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തി. ആറുമാസം മുൻപ് പത്തിലധികം വാളുകൾ ഈ മേഖലയിൽ നിന്നും കണ്ടെടുത്തിരുന്നു. പിന്നീട് ചക്കരക്കൽ, മയ്യിൽ പോലീസ് പരിധിയിൽ നിന്നും പത്തു വീതം വാളുകൾ കണ്ടെടുത്തു.
തമിഴ്നാട്ടിൽ നിന്നും എത്തിച്ച വാളുകളാണ് ഇതെല്ലാം എന്ന് അന്വേഷണത്തിൽ പോലീസ് തിരിച്ചറിയാൻ കഴിഞ്ഞു. തുടർന്ന് അന്വേഷണം പോലീസ് പാതി വഴിയിൽ നിർത്തി.വാളുകൾ പിടികൂടിയത് സംബന്ധിച്ച് അന്ന് രാഷ്ട്രീയപാർട്ടികൾ പരസ്പരം പഴിചാരി രക്ഷപെടുകയായിരുന്നു.