കളമശേരി: വിഷുദിനത്തിൽ യുവാവിനെ വടിവാളുപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച അഞ്ചംഗ സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. കളമശേരി പയ്യപ്പള്ളി വീട്ടിൽ ശ്രീരാജ് എന്ന് വിളിക്കുന്ന ശ്രീജിത്ത് (34) ആണ് കളമശേരി പോലീസിന്റെ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേ സമയം അറസ്റ്റ് ഭയന്ന് മറ്റ് നാല് പ്രതികൾ ഒളിവിലാണ്. നാലു പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് സൂചന.
സംഭവം നടന്ന് 10 ദിവസം കഴിഞ്ഞാണ് പോലീസ് നടപടിയെടുക്കാൻ തയാറായത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പോലീസ് തുടർ നടപടിയെടുക്കുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
കളമശേരി വട്ടേക്കുന്നം തുരുത്തിക്കണ്ടത്തിൽ വീട്ടിൽ ജോർജിന്റെ മകൻ എൽദോസി (24) നെയാണ് കഴിഞ്ഞ വിഷു ദിനത്തിൽ രാത്രി അഞ്ചംഗ സംഘം വടിവാൾ ഉപയോഗിച്ച് കാൽമുട്ടിനും ദേഹത്തും വെട്ടി പരിക്കൽപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എൽദോസ് ചികിൽസയിലാണ്.
ശരീരത്തിൽ പതിനഞ്ചിലധികം സ്റ്റിച്ചുകൾ ഉണ്ട്. യുവാവിന്റെ കാലിന്റെ ചലന ശേഷിയെ കുറിച്ച് പറയാൻ ദിവസങ്ങൾക്ക് ശേഷമെ കഴിയൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നിട്ടും കളമശേരി പോലീസ് തണുപ്പൻ മട്ടിലാണ് കേസ് കൈകാര്യം ചെയ്യുന്നത്.
അതേ സമയം യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് പോലീസ് സ്റ്റേഷൻ മാർച്ച് നടന്നു. ഇന്ന് രാവിലെ 9.30ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും പോലീസ് സ്റ്റേഷൻ മാർച്ച് നടക്കും.