മങ്കൊമ്പ് : പുളിങ്കുന്നിൽ ബൈക്കിലെത്തിയ സംഘം സിപിഎം നേതാവിനെ വെട്ടി പരിക്കേൽപിച്ചു. സിപിഎം കുട്ടനാട് ഏരിയാ കമ്മറ്റിയംഗവും, കർഷകത്തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയംഗവുമായ പുളിങ്കുന്ന് കണ്ണാടി തേക്കേക്കളത്തിൽ ജോസ് തോമ (ജോപ്പൻ) സിനാണ് വെട്ടേറ്റത്. ഇന്നു പുലർച്ചെ 5.30 ഓടെ കണ്ണാടി തൊണ്ണൂറിൻചിറ ജംഗ്ഷനു സമീപത്തായിരുന്നു സംഭവം.
ചെങ്ങന്നൂരിൽ നെൽകൃഷി ചെയ്യുന്ന ജോപ്പൻ കൃഷിയാരംഭിച്ചതിനുശേഷം പതിവായി പുലർച്ചെ ചെങ്ങന്നൂരിനു പോകുമായിരുന്നു. പതിവുപോലെ ബസ് കയറുന്നതിനായി തൊണ്ണൂറിൻ ചിറ ജംഗ്ഷനിലേക്ക് പോകാൻ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങി. ജംഗ്ഷനു സമീപം മണ്ണങ്കരത്തറ കടയ്്ക്കു സമീപമെത്തിയപ്പോൾ ബൈക്കിൽ എതിരെ വന്ന രണ്ടുപേർ ജോപ്പനെ ആക്രമിക്കുകയായിരുന്നു.
കാലിനും കൈക്കും വെട്ടേറ്റതിനെത്തുടർന്ന് കാൽമുട്ടിന്റെ എല്ലു തകർന്നു. ഇടതു കൈക്കുഴയ്ക്കും, വിരലിനും പരിക്കേറ്റു. ബഹളം കേട്ട് സമീപവാസികളെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിനു ശസ്ത്രക്രിയക്കു വിധേയമായ ജോപ്പന്റെ പരിക്കു ഗുരുതരമല്ലെന്നു ബന്ധുക്കൾ പറഞ്ഞു.