കറുകച്ചാൽ: വ്യാപാരിയുടെ ഓട്ടോറിക്ഷ തടഞ്ഞു വടിവാൾ കാണിച്ചു ഭീഷണിപ്പെടുത്തി 40000 രൂപ തട്ടിയെടുത്തതു കഞ്ചാവ് മയക്കുമരുന്ന് സംഘമെന്ന് പോലീസ്.തിങ്കളാഴ്ച രാവിലെ 11.30ന് മുണ്ടത്താനം-ഇടയിരിക്കപ്പുഴ റോഡിൽ ഇലവുങ്കൽ ഭാഗത്തെ തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം.
വാകത്താനം സ്വദേശി പണിക്കപ്പുരയിടം ബൈന്നി നൈനാന്റെ (52) പണമാണ് നഷ്്ടമായത്. സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ കടകളിൽ മൊത്തവിൽപന നടത്തുന്നയാളാണ് നൈനാൻ.
കങ്ങഴ, ഇടയിരിക്കപ്പുഴ ഭാഗത്ത് കച്ചവടം നടത്തിയ ശേഷം മുണ്ടത്താനത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. ഇലവുങ്കൽ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഹെൽമറ്റ് ധരിച്ച് ബെക്കിലെത്തിയ രണ്ടു പേർ ഓട്ടോറിക്ഷയ്ക്ക് മുന്പിൽ ബൈക്ക് കുറുകെ നിർത്തിയ ശേഷം വടിവാളും കത്തിയുമായെത്തി നൈനാനെ ഭീഷണിപ്പെടുത്തി.
കൈയിലുണ്ടായിരുന്ന ബാഗ് ബലമായി പിടിച്ചുവാങ്ങിയ ശേഷം മുണ്ടത്താനം ഭാഗത്തേക്ക് ബൈക്കിൽ രക്ഷപെട്ടു.ബൈക്കിനു നന്പർ പ്ലേറ്റ് ഇല്ലായിരുന്നു. കറുകച്ചാൽ, മണില, കങ്ങഴ തുടങ്ങിയ പ്രദേശങ്ങളിലെല്ലം കഞ്ചാവ് മയക്കുമരുന്ന് മാഫിയ സജീവമായിരിക്കുകയാണ്.
കഞ്ചാവിനും മയക്കുമരുന്നിനും പണം തികയതെ വരുന്പോഴാണ് പണം തട്ടിയെടുക്കുന്ന പദ്ധതികളുമായി മാഫിയ സംഘങ്ങൾ രംഗത്തിറങ്ങുന്നത്. കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.