മാന്നാർ: കനാലിലൂടെയുള്ള ജലം തടഞ്ഞതിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗത്തെ വെട്ടിയ പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. സിപിഎം ചെന്നിത്തല തൃപ്പെരുന്തറ ലോക്കൽ കമ്മറ്റിയംഗവും ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗവുമായ ഇരമത്തൂർ കോട്ടയിൽ സജി ഭവനത്തിൽ ഗോപാലകൃഷ്ണനാ(53)ണ് വെട്ടേറ്റത്. മഴു,വടിവാൾ എന്നിവ കൊണ്ട് നാലംഗ സംഘമാണ് അക്രമണം നടത്തിയെതെന്ന് നാട്ടുകാർ പറഞ്ഞു.
കാലിന് ഗുരുതരമായി വെട്ടേറ്റ ഗോപാലകൃഷ്ണൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ചെന്നിത്തല,മാന്നാർ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഇറിഗേഷൻ കനാൽ രണ്ട് ദിവസം മുന്പാണ് അറ്റകുറ്റ പണികൾ നടത്തി ഉപയോഗപ്രദമാക്കിയത്. ചെന്നിത്തല ആറാം ബ്ലോക്കിലേക്കും ചെന്നിത്തല പുഞ്ചയുടെ വടക്കൻ ഭാഗങ്ങളിലേക്കും മാന്നാറിലെ ഇരമത്തൂർ മുണ്ടുവേലി കോട്ടക്കുഴി ഭാഗത്തേക്കുമാണ് ഈ വെള്ളം ഉപയോഗിച്ചിരുന്നത്.
വടക്കേ പാടശേഖരത്തിലേക്ക് പോകേണ്ട വെള്ളം ചിലർ മുട്ടിട്ട് തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എല്ലായിടങ്ങളിലേക്കും വെള്ളം എത്തിക്കുവാൻ വേണ്ടി കൃഷി ഓഫീസറും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി മുട്ടുകൾ മാറ്റി. ഇവർ പോയികഴിഞ്ഞപ്പോൾ വീണ്ടും മുട്ടിട്ടുവെങ്കിലും അധികൃതർ തുറന്നുവിട്ടു. ഇത് പല തവണ ആവർത്തിക്കുകയും ചെയ്തു.
ഇതിനിടയിലാണ് ചെന്നിത്തല വടക്കേ പുഞ്ചയിലേക്ക് വെള്ളം എത്താത്തത് ചോദ്യം ചെയ്യാൻ ഗ്രാമപഞ്ചായത്തംഗം എത്തിയത്. വാക്ക് തർക്കത്തിനൊടുവിൽ നാലംഗ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ശക്തമാക്കിയതായി മാന്നാർ സ്റ്റേഷൻ ഹൗസ് ആഫീസർ ജോസ്മാത്യു പറഞ്ഞു.