പത്തനംതിട്ട: എസ്എഫ്ഐ നേതാവ് ഉണ്ണി രവിക്കു വെട്ടേറ്റ സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബൈക്കിൽ പോയ ഉണ്ണിരവിലെ (21)യെ ഇന്നലെ രാത്രി പിന്നിലൂടെ വന്ന സംഘമാണ് വെട്ടിയത്. ഇന്നലെ രാത്രി 8.30 ഓടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്പോഴാണ് സംഭവം.
താഴെവെട്ടിപ്രം – മേലെവെട്ടിപ്രം റിംഗ്റോഡിൽ ഇടതുഭാഗത്തുകൂടെ ബൈക്കിൽ മറികടന്ന് പിന്നിൽ നിന്ന് എത്തിയ രണ്ടംഗ സംഘം വടിവാളുകൊണ്ട് വെട്ടുകയായിരുന്നുവെന്ന് പറയുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ
ദിവസം റോഡരികിൽ നിന്ന ഉണ്ണിയോട് എസ്ഡിപിഐ സംഘം നീയല്ലേ ഉണ്ണിരവിയെന്നും നിന്നെ കണ്ടോളാമെന്നും പറഞ്ഞതായി ഉണ്ണി പോലീസിന് മൊഴിനൽകി. ആക്രമിച്ചവർ എസ്ഡിപിഐ പ്രവർത്തകരാണെന്നും പരാതിയിൽ പറയുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നന്പരും ലഭ്യമല്ല. സമീത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡിവൈഎസ്പി റഫീക് പറഞ്ഞു.
എറണാകുളത്തെ അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന എസ്്എഫ്ഐ – എസ്ഡിപിഐ സംഘടനകൾ തമ്മിലുണ്ടായ വെല്ലുവിളികളാണ് ആക്രമണത്തിലേക്കു നയിച്ചതെന്ന് പറയുന്നു. സംഭവത്തേ തുടർന്ന് നഗരത്തിൽ ഇന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയും നിർദേശിച്ചു.