പരിയാരം: ചത്ത എലിയെ നീക്കംചെയ്യാൻ കിണറ്റിലിറങ്ങിയവർക്ക് കിട്ടിയത് മാരകായുധങ്ങൾ. പരിയാരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കിണറ്റിൽനിന്നാണ് മൂന്നു വടിവാൾ, ഒരു ഇരുമ്പ് വടി എന്നിവ കണ്ടെടുത്തത്. കിണറ്റിലെ വെള്ളത്തിൽ എലി ചത്തുവീണ് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് ശുചീകരണപ്രവൃത്തികൾക്കായി തൊഴിലാളികൾ കിണറ്റിലിറങ്ങിയത്. എലിയുടെ അവശിഷ്ടത്തോടൊപ്പമാണ് ആയുധങ്ങൾ കണ്ടത്. ഉടൻതന്നെ പിഎച്ച്സി അധികൃതർ പരിയാരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആയുധങ്ങൾ കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. അടുത്തിടെ കണ്ണൂരിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആയുധങ്ങളാണോ എന്ന് സാധൂകരിക്കുന്നതിനായി ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.
പരിയാരം എഎസ്ഐ ജി.സാംസൺ, സ്പെഷൽ ബ്രാഞ്ച് എസ്ഐ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് കിണറ്റിൽനിന്ന് ആയുധങ്ങൾ പുറത്തെടുത്തത്. ഇത് അധികം പഴക്കമില്ലാത്തവയാണെന്ന് പോലീസ് പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ്
പരിയാരം: സിപിഎം ശക്തികേന്ദ്രമായ കോരൻപീടിക പരിയാരം ഹെൽത്ത് സെന്ററിന് സമീപത്തെ കിണറിൽനിന്ന് മാരകായുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.വി.അബ്ദുൾഷുക്കൂറും കൺവീനർ പി.വി.സജീവനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.