മുക്കം: നാട്ടുകാരിൽ ആശങ്കയുയർത്തി കാരശേരി പഞ്ചായത്തിലെ വൈശ്യം പുറം ഭാഗത്ത് വടിവാൾ കണ്ടെത്തി . സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് രണ്ടര അടിയോളം നീളമുള്ള വടിവാൾ കണ്ടത്.
ഏറെക്കാലത്തെ പഴക്കമുള്ളതാണന്ന് കരുതുന്ന വാൾ മണ്ണിനടിയിൽ കിടന്ന് പൂർണമായും തുരുമ്പിച്ച നിലയിലാണ്. വാളിന്റെ പിടിയിൽ തുണി ചുറ്റിയതായും കാണാം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി വാൾ കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സമഗ്ര അന്വേഷണം വേണം: യുഡിഎഫ്
മുക്കം: കാരശേരി വൈശ്യം പുറത്ത് ജനവാസ മേഖലയിൽ വടിവാൾ കണ്ടെത്തിയ സാഹചര്യത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് സന്ദർശനം നടത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
2005 ൽ പാറത്തോട് ഭാഗത്ത് ആയുധ പരിശീലനം നടന്നിരുന്നതായും ഇതിനെതിരെ യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഇതിന്റെ ബാക്കിയാണോ വാൾ കണ്ടെത്തിയ സംഭവമെന്ന് സംശയിക്കുന്നതായും ഇത് പോലീസ് അന്വേഷിച്ചാൽ തെളിയാൻ സാധ്യത കുറവായതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും നേതാക്കൾ പറഞ്ഞു.
എം.ടി.അഷ്റഫ് ,കെ.കോയ, സത്യൻ മുണ്ടയിൽ, പി.വി.സുരേന്ദ്രലാൽ, പി.പി.ശിഹാബുദ്ധീൻ, നിസാം കാരശേരി, എൻ.കെ.അൻവർ, എൻ.കെ.രാധാകൃഷ്ണൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.