മാവേലിക്കര: ചെട്ടികുളങ്ങര മേഖലയിൽ ആർഎസ്എസ് മുഖ്യശിക്ഷകിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ബുധനാഴ്ച രാവിലെ പേളയിൽ റോഡരികിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ പെട്രോൾബോംബും അമിട്ടും കണ്ടെത്തിയിരുന്നു. തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.
പോലീസ് സംഘം മടങ്ങി ഒരു മണിക്കൂറിന് ശേഷം വീട് വീണ്ടും പരിശോധിക്കണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് എസ്ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ കുളിമുറിയുടെ ആസ്ബസ്റ്റോസ് ഷീറ്റിന് മുകളിൽ തുണിബാഗ് കണ്ടെത്തി.
ബാഗിനുള്ളിൽ പെട്രോൾ നിറച്ച ഏഴ് കുപ്പികൾ, ചുരിക, വാൾ എന്നിവയുണ്ടായിരുന്നു. ഒരു മണിക്കൂറിന് മുന്പ് ഇല്ലാതിരുന്ന സാധനങ്ങൾ രണ്ടാമത്തെ പരിശോധനയ്ക്കിടയിൽ എങ്ങനെ വന്നു എന്ന ചോദ്യമാണ് പോലീസിനെ കുഴക്കുന്നത്.
ആർഎസ്എസ് നേതാവ് രാവിലെ ആറരയ്ക്ക് തന്നെ ചവറയിലെ ജോലി സ്ഥലത്തേക്ക് പോയതായും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ വീട്ടിലെ കുളിമുറി അടുത്ത വീടിന്റെ വസ്തുവിനോട് ചേർന്നാണ്. അതു വഴി ആരെങ്കിലും ബാഗ് കൊണ്ടുവെച്ചിരിക്കുവാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.