വടക്കഞ്ചേരി: കൊലപാതകങ്ങളും മറ്റു ദുരൂഹമരണങ്ങളും മോഷണപരന്പരകളും അരങ്ങേറുന്ന വടക്കഞ്ചേരി മേഖലയിൽ ക്രൈം കേസുകൾ അന്വേഷിക്കാൻ പോലീസിൽ പ്രത്യേകവിഭാഗം പ്രവർത്തിക്കണമെന്ന ആവശ്യം ഉയരുന്നു.
ലോ ആൻഡ് ഓർഡർ കേസുകളും ക്രൈം കേസുകളും ഒന്നിച്ച് അന്വേഷിക്കേണ്ടി വരുന്നതിനാൽ ക്രൈം കേസുകളിലെ അന്വേഷണം വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിലാണ് ഈ അഭിപ്രായം ഉയരുന്നത്.
കേസുകൾ സംബന്ധിച്ച് ശരിയായ അന്വേഷണമില്ലാതെ അവസാനിപ്പിക്കുന്ന സാഹചര്യം കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതയ്ക്കടുത്ത് പന്നിയങ്കര കരിങ്കൽക്വാറി വഴിയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി വഴിവക്കിലെ ചാലിൽ തള്ളിയ സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമായി വരും. കൈകാലുകൾ ഒടിച്ചനിലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നുവർഷംമുന്പ് ഇവിടെ അടുത്തുതന്നെ തേനിടുക്ക് പൂച്ചപ്പാറയിൽ പാറമടയ്ക്കുള്ളിൽ വീഴ് ലി സ്വദേശിയായ 66 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മനുഷ്യർക്ക് കയറാൻ ബുദ്ധിമുട്ടുള്ള ദ്വാരംപോലെയുള്ള പാറക്കുള്ളിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സ്വയം നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഇയാൾ ദേശീയപാതയിൽനിന്നും ഒരു കിലോമീറ്റർ മാറി ആൾ താമസമില്ലാത്ത അപരിചിതമായ പാറപ്പുറത്തെ സ്ഥലത്ത് എങ്ങനെയെത്തി എന്നത് ഏറെ ദുരൂഹത ഉണ്ടാക്കിയിരുന്നു. പക്ഷേ, അന്വേഷണം മാത്രം ഉണ്ടായില്ല.
2002 നവംബറിൽ വടക്കഞ്ചേരി ടൗണിൽ വില്ലേജ് ഓഫീസറെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവങ്ങളിലെ അന്വേഷണവും ലക്ഷ്യം കണ്ടില്ല. അവധിയിൽ കഴിഞ്ഞിരുന്ന കിഴക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസർ കാരുവള്ളിൽ ജയിംസ് ജോണി (52)നെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജെയിംസ് സ്ഥിരമായി ധരിക്കാറുള്ള എട്ടുപവനോളം വരുന്ന സ്വർണമാലയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കാണാതാകുകയും ചെയ്തിരുന്നു. മുറികളിലെ അലമാരകൾ തുറന്ന നിലയിലായിരുന്നു. വലിയ ഇരുനിലവീട്ടിൽ ജെയിംസ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
രണ്ടോ മൂന്നോപേർ ഭക്ഷണം കഴിച്ചതിന്റെ പ്ലേറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും മുറിക്കുള്ളിലുണ്ടായിരുന്നു. എന്നാൽ ഈ കേസിന്റെ അന്വേഷണവും എവിടെയുമെത്താതെ നിലച്ചു. 2002 മേയ് മാസത്തിൽ കിഴക്കഞ്ചേരി മന്പാട് കുളത്തിൽ മറുനാട്ടുകാരിയെന്ന് സംശയിക്കുന്ന യുവതിയെ കൊലപ്പെടുത്തി തള്ളിയ സംഭവത്തിലും അന്വേഷണം വഴിമുട്ടിനിന്നു.
യുവതിയെ തിരിച്ചറിയാതിരുന്നതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനായില്ല. യുവതിയെ വെടിവച്ച് കൊലപ്പെടുത്തി ഉൾപ്രദേശമായ കുളത്തിൽ തള്ളിയെന്നായിരുന്നു അന്നത്തെ സയന്റിഫിക് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ദുരൂഹമരണങ്ങൾക്കും കൊലപാതകങ്ങൾക്കുമൊപ്പം മോഷണവും കവർച്ചയും മേഖലയിൽ തുടർക്കഥയാകുകയാണ്.
ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളിലൊന്നായ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ കൂടുതൽ പോലീസും പുതിയ വാഹനങ്ങളും ഉണ്ടാകണം. രണ്ടരലക്ഷം കിലോമീറ്റർ ഓടിതളർന്ന വാഹനമാണ് ഇപ്പോഴും തിരക്കേറിയ ഈ സ്റ്റേഷനിലുള്ളത്.