മുസ്ലീം കുടുംബത്തിന് ഫ്ലാറ്റ് നൽകിയതിനെതിരേ പ്രതിഷേധം. വഡോദരയിലെ ഹർണിയിലാണ് സംഭവം. ഗുജറാത്ത് സർക്കാരിന്റെ ഭവനനിർമാണ പദ്ധതിയായ മുഖ്യമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച ഭവനസമുച്ചയത്തിലാണ് പ്രതിഷേധം നടന്നത്.
ഭവനസമുച്ചയത്തിൽ താമസിക്കുന്ന 33 കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. മുസ്ലീമിന് ഫ്ലാറ്റ് അനുവദിച്ചത് തങ്ങൾക്ക് ഭീഷണിയാണെന്നും ശല്യമാണെന്നും പറഞ്ഞ് ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
ഗുജറാത്ത് സർക്കാർ നടപ്പാക്കിയ ഡിസ്റ്റർബ്ഡ് ഏരിയാ ആക്ട് ലംഘിക്കപ്പെട്ടതായാണ് കുടുംബങ്ങൾ പറയുന്നത്. വ്യത്യസ്ത മതവിശ്വാസികളായ ആളുകൾക്കിടയിൽ സ്വത്ത് വിൽക്കാന് ജില്ലാ കളക്ടറിന്റെ അനുമതി ആവശ്യമാണ്. കൂടാതെ വിൽപന നടത്തണമെങ്കില്‍ പ്രദേശവാസികളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) ആവശ്യമാണ്. ഒരു ഹിന്ദു കോളനിയിൽ മുസ്ലിമിന് വീട് നൽകാനാവില്ലെന്നും, എന്നിട്ടും സർക്കാർ ഉദ്യോഗസ്ഥർ നിയമം നടപ്പിലാക്കിയെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.
എന്നാൽ ഈ വാദങ്ങൾ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ നിഷേധിച്ചു. ലോട്ടറി സമ്പ്രദായത്തിലൂടെയാണ് അലോട്ട്മെന്റ് നടന്നതെന്നും ഡിസ്റ്റർബ്ഡ് ഏരിയസ് ആക്ട് നടപ്പാക്കുന്നതിന് മുമ്പേ ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.