കൊച്ചി: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ ലഭിക്കും. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെന്ന് കരുതുന്ന ലിതിന് (19), ദമ്പതികളായ വടുതല പോപ്പുലര്‍ റോഡില്‍ മാളിയേക്കല്‍ ബിബിന്‍ (25), ഭാര്യ വര്‍ഷ(19) എന്നിവരെയാണ് കഴിഞ്ഞയാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ബിബിന്റെ ചിക്കന്‍ സെന്ററിലെ ജീവനക്കാരനായ ലിതിന് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും ദമ്പതിമാരുടെ വടുതലയിലെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വീഡിയോ യുടൂബിലിടുമെന്നായിരുന്നു ഭീഷണി.
ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റ് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കണമെന്ന ഉദേശത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ചിത്രീകരിച്ച ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അറിയുന്നതിനുമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതെന്ന് നോര്‍ത്ത് എസ്ഐ അനസ് പറഞ്ഞു.