തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.ശ്രീറാമിനെ അമിത വേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചുവെന്നതാണ് വഫയുടെ പേരിലുള്ള കുറ്റം.
എന്നാൽ ഇക്കാര്യത്തിൽ രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വഫയും വാദിക്കുന്നു.
തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ വഫയ്ക്കെതിരെ തെളിവില്ലെന്നും പ്രതിഭാഗം പറയുന്നു.
ഹര്‍ജിയില്‍ കഴിഞ്ഞ തവണ പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷം ഉത്തരവ് ഇന്ന് പറയാനായി മാറ്റുകയായിരുന്നു. അതേസമയം ശ്രീറാം വെങ്കിട്ടരാമന് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് എതിര്‍പ്പ് ഫയല്‍ ചെയ്യും.
പ്രോസിക്യൂഷന് വാദം കേള്‍ക്കാനാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ട രാമനും വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്ത്തകന് ബഷീര്‍ മരിച്ചത്.