തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോള്‍ സസ്പെൻഡ് ചെയ്യില്ല. നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിൽ വഫയ്ക്ക് വീണ്ടും നോട്ടീസ് നൽകും. അമിതവേഗത്തിന് നൽകിയ നോട്ടീസിന് വഫ പിഴ അടച്ചിരുന്നു. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തെളിവെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.
കേസിലെ ഒന്നാംപ്രതി ശ്രീറാമിന്റെ ലൈസൻസ് മാത്രമാണ് ഇന്ന് സസ്പെൻഡ് ചെയ്യുന്നത്. നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീറാം മറുപടി നല്‍കാത്ത സാഹചരര്യത്തിലാണ് ലൈസന്‍സ് സസ്പെൻഡ് ചെയ്യുന്നത്. ഈ മാസം മൂന്നിനാണ് ആശുപത്രിയിൽ വച്ച് ശ്രീറാം നോട്ടീസ് കൈപ്പറ്റിയത്. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നു തിരുവനന്തപുരം ആർടിഒ അറിയിച്ചു.
അതേസമയം, ശ്രീറാമിന്റെയും വഫയുടെയും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ വൈകിയോയെന്ന് അന്വേഷിക്കാന്‍ ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.