തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കി കോടതി ഉത്തരവായിരിക്കുകയാണ്.
പ്രതികളുടെ വിടുതല്‍ ഹര്‍ജികളിലാണ് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നുമാണ് ശ്രീറാം വാദിച്ചത്.
കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് പ്രതികള്‍ വാദിച്ചത്.
ഇതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെ.എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താന്‍ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ശ്രീറാം മുന്നോട്ടുവെച്ചിരുന്നു.
നിയമത്തിൻ്റെ നൂലാമാലകളിലുടെ ശ്രീറാം വെങ്കിട്ടരാമൻ ഊരിപ്പോകുമ്പോൾ മൂന്നു വർഷം മുൻപ് വാഹനാപകടവുമായി ബന്ധപ്പെട്ട് വഫ ഫിറോസ് നടത്തിയ പ്രസ്താവനകൾ വീണ്ടും ചർച്ചയാകുകയാണ്.
ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തുന്ന സമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്നത് സുഹൃത്തായ വഫയായിരുന്നു.
വഫയുടെ കാറാണ് അന്ന് ശ്രീറാം ഓടിച്ചിരുന്നത്. എന്നാൽ അന്ന് ആക്സിഡൻ്റ് നടന്നതിനു പിന്നാലെ വഫയാണ് കാർ ഓടിച്ചതെന്ന വെളിപ്പെടുത്തലുമായി ശ്രീറാം രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് വഫ ശ്രീറാമിന് എതിരെ തിരിഞ്ഞതും.
ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് വ്യക്തമാക്കിയാണ് അന്ന് വഫ രംഗത്തെത്തിയത്. അപകടം ഉണ്ടായതിൻ്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നുവെന്നും വഫ വ്യക്തമാക്കിയിരുന്നു.
താൻ എന്തൊക്കെയാണോ അന്നു പറഞ്ഞത് അതെല്ലാം സത്യമാണെന്നും വഫ പറഞ്ഞിരുന്നു. ”ശ്രീറാമിൻ്റെ പ്രസ്താവനയിൽ വഫയാണ് ഡ്രൈവ് ചെയ്തതെന്നാണ് പറയുന്നത്.
എന്തു കാരണത്താലാണ് അദ്ദേഹം ഇതു തന്നെ ആവര്‍ത്തിക്കുന്നത് എന്നറിയില്ല. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു.
അവരുടെയൊക്കെ മൊഴി. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതൊക്കെ എവിടെ..?´´- വഫ ചോദിച്ചിരുന്നു.
താനൊരു സാധാരണക്കാരിയാണെന്നും തനിക്ക് പവറില്ലെന്നും അന്ന് വഫ തുറന്നു പറഞ്ഞിരുന്നു.
തനിക്ക് എന്താണ് നാളെ സംഭവിക്കുകയെന്ന് അറിയില്ലെന്നും അദ്ദേഹത്തിൻ്റെ പവര്‍ ഉപയോഗിച്ച് എന്തുവേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്യാമെന്നും വഫ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഞാനെന്താണോ പറഞ്ഞത് അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വഫ വ്യക്തമാക്കിയിരുന്നു.
ഒരർത്ഥത്തിൽ മുന്നു വർഷം മുൻപ് വഫ ഭയന്ന ആ സാഹചര്യമാണ് ഇന്നുണ്ടായത്. കേസില്‍ മുഖ്യ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
വാഹനാപകടം നടന്ന സമയത്ത് നാലഞ്ചുപേർ ദൃക്സാക്ഷികളായുണ്ടായിരുന്നെങ്കിലും യാതൊരു മനസ്താപവുമില്ലാതെ താനല്ല, വഫയാണ് വാഹനമോടിച്ചതെന്ന് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമൻ.
പച്ചയ്ക്കു നുണ പറയുന്നതിൽ യാതൊരു കുറ്റബോധവുമില്ലാതെയാണ് ശ്രീറാമിൻ്റെ മുന്നോട്ടുള്ള ജീവിതവും. ഇതിനിടയിൽ സസ്പെൻഷൻ കാലയളവ് കഴിഞ്ഞ് ശ്രീറാം പതിയപ്പതിയെ അധികാരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ഈ പ്രശ്നത്തെത്തുടർന്ന് വഫയ്ക്ക് വിവാഹ ബന്ധം ഒഴിയേണ്ടിയും വന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ വിവാഹം കഴിച്ച് കുടുംബജീവിതവുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു.
താനല്ല വാഹനമോടിച്ചതെന്ന് നുണ പറഞ്ഞ, മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ ജീവനെടുക്കുന്ന രീതിയിൽ സ്വഭാവദൂഷ്യമുള്ള കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ മനസാക്ഷിയില്ലാതെ ഒറ്റപ്പെടുത്തിയ വ്യക്തിയാണ് ഇന്ന് ഒരർത്ഥത്തിൽ കുറ്റവിമുക്തനായിരിക്കുന്നത്.
അതേസമയം സംസ്ഥാന സർക്കാരിൻ്റെ നിസംഗതയും ഈ വിഷയത്തിൽ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ശ്രീറാം കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്.
ശ്രീറാം കുറ്റവിമുക്തനായ സാഹചര്യത്തിൽ പുതിയ അധികാരങ്ങളും ലാവണങ്ങളും അദ്ദേഹത്തെ തേടിവരുമെന്ന് ഉറപ്പാണ്.
നിലവിലെ സാഹചര്യത്തിൽ പ്രതിഷേധമുണ്ടാകുമെന്ന ഭയമില്ലാതെ സർക്കാരിന് തീരുമാനമെടുക്കുകയും ചെയ്യാം.