തൊടുപുഴ: മൂന്നു മാസത്തോളം അടച്ചിട്ടിരുന്ന വാഗമണ്ണിലെ കോലാഹലമേട് അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം വീണ്ടും തുറന്നു. ഇന്നലെയാണ് പാലം സന്ദർശകർക്കായി തുറന്നുനൽകിയത്.
ഇന്നലെ മാത്രം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറി ദൂരക്കാഴ്ച ആസ്വദിച്ചത്. നാൽപത് അടി നീളത്തിലും നൂറ്റിയൻപത് അടി ഉയരത്തിലും കാൻഡി ലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്.
കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി പാലം അടച്ചിടാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകളുടെയും ഗ്ലാസ് ബ്രിഡ്ജിന്റെയും പ്രവർത്തനം ജൂണ്‍ ഒന്നുമുതൽ നിർത്തിവയ്ക്കുകയായിരുന്നു. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജനിയറിംഗ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.
ഒരു സമയം 15 പേരെ മാത്രമേ പാലത്തിൽ കയറാൻ അനുവദിക്കുകയുള്ളൂ. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ ഒൻപതു മുതൽ വൈകുന്നേരം 5.30 വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കാൻഡി ലിവർ ചില്ലുപാലമാണ് വാഗമണ്ണിലേത്. സമുദ്ര നിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം 2023 സെപ്റ്റംബറിലാണ് വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകിയത്.