തൊടുപുഴ: വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയും ലഹരിമരുന്നുപയോഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഉൗർജിതമാക്കി ക്രൈംബ്രാഞ്ച്. ശനിയാഴ്ച കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.
സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിന്ന് ഡിസംബർ 20ന് രാത്രിയിലാണ് നിശാപാർട്ടിക്കിടെ 59 പേർ പിടിയിലായത്. വലിയ തോതിൽ മയക്കുമരുന്നുകളും സ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു. സംഭവത്തിൽ ഒൻപതു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വലിയ കൊച്ചി സ്വദേശിയും നടിയുമായ ബ്രെസ്റ്റി വിശ്വാസ് ഒഴികെയുള്ള എട്ട് പ്രതികളെയാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കഴിഞ്ഞ ദിവസം നാർകോട്ടിക്സ് കോടതി കസ്റ്റഡിയിൽ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. മധുവിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഓരോരുത്തരെയും പ്രത്യേകമിരുത്തി ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. ഇതിനായി വിവിധ ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകിയിരുന്നു. ഇവർ ഇതിന്റെ വിവരങ്ങൾ എസ്പിക്ക് കൈമാറി.
ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പൂർണമായും പഠിച്ചതിനു ശേഷമായിരിക്കും കൂടുതൽ വിശദാംശങ്ങൾ തേടുകയെന്ന് എസ്പി പി.കെ. മധു പറഞ്ഞു. കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടു കിട്ടാത്തതിനാൽ പ്രതികളെ തെളിവെടുപ്പിനെത്തിക്കാനായില്ല.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. ഇത്തരത്തിൽ കണ്ടെത്തിയാൽ തെളിവ് ശേഖരിച്ച് കൂടുതൽ പേരെ പ്രതിചേർക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുള്ളതായി നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവരെതേടിയുള്ള അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക് വ്യാപിപിക്കാൻ ലോക്കൽ പോലീസിന് കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.