ഈരാറ്റുപേട്ട: കൊട്ടിഘോഷിച്ചു നടത്തിയ ഈരാറ്റുപേട്ട- വാഗമൺ റോഡ് നിർമാണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തകർന്നു. വേലത്തുശേരിയിലാണ് ടാറിംഗ് തകർന്നു റോഡിനു നടുവിൽ കുഴികൾ രൂപപെട്ടത്.
കനത്ത മഴ മൂലമുണ്ടായ ഉറവയെത്തുടർന്നാണ് റോഡ് തകർന്നത്. വെള്ളമൊഴുക്കുള്ള സ്ഥലങ്ങളെ സംബന്ധിച്ചു മതിയായ പഠനം നടത്താതെയാണ് ടാറിംഗ് പൂർത്തിയാക്കിയതെന്നാണ് ആരോപണം.
മഴക്കാലമാരംഭിച്ചപ്പോൾത്തന്നെ ഇതാണ് സ്ഥിതിയെങ്കിൽ വൈകാതെ റോഡിന്റെ അവസ്ഥ എന്താകുമെന്നാണ് ആശങ്ക ഉയരുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
തീരാത്ത വിവാദം
പതിറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡും റോഡ് നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ വാദപ്രതിവാദങ്ങളുമെല്ലാം ഏറെ ചർച്ചയായിരുന്നു.
സംസ്ഥാനത്തെതന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിലേക്കുള്ള റോഡ് നിർമാണം സംബന്ധിച്ച പ്രശ്നങ്ങൾ ഹൈക്കോടതിയിൽ വരെ എത്തിയിരുന്നു.
ആദ്യത്തെ കരാറുകാരൻ നിർമാണം പാതിവഴിയിൽ നിർത്തിയപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഇടപെടലിൽ റിസ്ക് ആൻഡ് കോസ്റ്റിൽ കരാറുകാരനെ ഒഴിവാക്കിയശേഷം ഊരാളുങ്കൽ ലേബർ കോർപ്പറേറ്റീവ് സൊസൈറ്റിയാണ് ടെൻഡർ എടുത്തു നിർമാണം പൂർത്തിയാക്കിയത്.
റോഡ് നിർമാണം തുടങ്ങിയപ്പോൾ മുതൽ വിവാദങ്ങളും ഉയർന്നിരുന്നു.
20 കോടി മുടക്കിയിട്ടും
20 കോടിയോളം രൂപ മുടക്കിയാണ് ഊരാളുങ്കലിനെ കരാർ ഏല്പിച്ചത്. പൊതുമരാമത്ത് വകുപ്പും കരാറുകാരുമെല്ലാം വിശദമായ പഠനം നടത്തിയാണ് ടാറിംഗ് പൂർത്തിയാക്കിയതെന്നു പറയുന്നുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ റോഡ് തകർന്നിരിക്കുന്നു.
കാലങ്ങളായി വർഷകാലത്തു ശക്തമായ ഉറവയുള്ള പ്രദേശങ്ങളിൽ ടൈൽ പാകാതെയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.
വേലത്ത്ശേരിയിൽ മൂന്നിടങ്ങളിലാണ് ഉറവയെത്തുടർന്നു ടാറിംഗ് തകർന്നിരിക്കുന്നത്. സമീപത്തുതന്നെ ടാറിംഗിനു വിള്ളലുമുണ്ടാകുന്നുണ്ട്. തുടർച്ചയായി വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ബാക്കി ഭാഗംകൂടി തകരും.
പുതിയ ടാറിംഗ് ഉറവയെത്തുടർന്ന് ഇളകിമാറി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
ടൈൽ പാകണം
ശാസ്ത്രീയമായ പഠനം ഇല്ലാതെ ടാറിംഗ് നടത്തിയതാണ് റോഡ് തകരാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഭാഗത്തെ ടാറിംഗ് മാറ്റി ടൈൽ പാകണമെന്നും പൊതുപ്രവർത്തകനായ ഹരി മണ്ണുമഠം പറഞ്ഞു
. പലേടങ്ങളിലും കലുങ്ക് നിർമാണം പൂർണമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലവിലുണ്ടായ തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നു പൊതുമരാത്ത് വകുപ്പ് ഈരാറ്റുപേട്ട അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
വാഗമൺ റൂട്ടിൽ പലേടങ്ങളിലും ചെറിയ കുഴികൾ ഉണ്ടാകുന്നുണ്ടെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. വേലത്തുശേരിയിലെ തകരാർ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ബാക്കിഭാഗംകൂടി തകരും.
ശക്തമായ ഉറവ ഉള്ള ഭാഗങ്ങൾ കണ്ടെത്തി ടൈൽ പാകിയില്ലെങ്കിൽ വേലത്തുശേരിയിലേതിനു സമാന സംഭവങ്ങൾ ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ആവർത്തിക്കും.