തൊടുപുഴ: വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തിൽ സൂയിസൈഡ് പോയിന്റിനു സമീപം പ്ലാസ്റ്റിക് കയറിൽ നിർമിച്ച തൂക്കുപാലം (ബർമാ പാലം ) തകർന്നു വീണ് സന്ദർശകർക്കു പരിക്കേറ്റ സംഭവത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ടൂറിസം വകുപ്പിന് റിപ്പോർട്ട് നൽകി.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിടിപിസി സെക്രട്ടറി റിപ്പോർട്ട് നൽകിയത്. പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിരുന്ന തൂക്കു പാലത്തിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിനിടയാക്കിയതെന്നു റിപ്പോർട്ടിൽ പറയുന്നു. അഞ്ചു പേർക്ക് കയറാവുന്ന കയർ തൂക്കുപാലത്തിൽ 30 പേർ ഒന്നിച്ചു കയറിയതാണ് പാലം പൊട്ടിവീഴാനിടയാക്കിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി.
കൂടാതെ വാഗമണ്‍ വിനോദ സഞ്ചാര മേഖലയിൽ വർഷങ്ങളായി സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച അഡ്വഞ്ചർ പാർക്കിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. ഇത് പ്രവേശ കവാടത്തിൽ ഗേറ്റ് പാസ് നൽകുന്ന വേളയിൽ സുരക്ഷാ ജീവനക്കാർ അറിയിച്ചിരുന്നുവെന്നും ഇതു കണക്കിലെടുക്കാത്തതാണ് അപകട കാരണമെന്നും പറയുന്നു. ഫലത്തിൽ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും തലയൂരാനാണ് ടൂറിസം വകുപ്പിന്റെ ശ്രമം.
എന്നാൽ ഇത്തരം മുന്നറിയിപ്പുകൾ ടൂറിസം ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു അപകടത്തിൽപെട്ട അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. അപകടത്തിനു മുൻപ് മറ്റു സന്ദർശകരും പാലത്തിലൂടെ കടന്നിരുന്നു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടു. ഇതിനിടെ തൂക്കുപാലം അപകടം ഉണ്ടായ പശ്ചാത്തലത്തിൽ വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിലെ സാഹസിക വിനോദ സഞ്ചാര പരിപാടികൾ താല്‍ക്കാലികമായി ഡിടിപിസി നിർത്തിവച്ചു. പാരാഗ്ലൈഡിംഗ് അടക്കമുള്ള അഡ്വഞ്ചർ ടൂറിസം പരിപാടികൾക്കാണ് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. മറ്റു മേഖലകളിൽ സന്ദർശം തുടരും.
വാഗമണ്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട തയാറാക്കിയ അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ നിർമാണവും മേൽനോട്ടവും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ്. വാഗമണിലെത്തുന്ന സന്ദർശകരിൽ നിന്നും പ്രവേശന ഫീസ് പിരിക്കുന്നതും ഇവിടുത്തെ കെട്ടിടങ്ങളുടെ ചുമതലയും ഡിടിപിസിക്കാണെങ്കിലും അഡ്വഞ്ചർ ടൂറിസം പാർക്കിന്റെ പൂർണമായ ഉത്തരവാദിതവും കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കാണ്.
ഇവർക്കാണ് മുന്നോട്ടുള്ള നടത്തിപ്പിന്റെയും ചുമതല. ഓരോ സാഹസിക ഇനങ്ങളുടെയും പ്രവേശന ഫീസ് പിരിവ് ഉൾപ്പെടെ ചുമതലയുള്ള സൊസൈറ്റി സന്ദർശകർക്കായി പാർക്ക് ഒൗദ്യോഗികമായി തുറന്നു കൊടുത്തിട്ടില്ല.
സ്വകാര്യ വ്യക്തികൾക്ക് ടൂറിസം പരിപാടികൾ സംഘടിപ്പിക്കുവാനായി കരാർ അടിസ്ഥാനത്തിൽ 100 ഏക്കർ സ്ഥലമാണ് സൂയിസൈഡ് പോയിന്റിനു സമീപം അനുവദിച്ചിരിക്കുന്നത്.
ഇവിടെ നടന്നു വന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർണമായിട്ടില്ല. സഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടില്ല. നിർമാണം പൂർത്തിയാകുന്നതിനു മുന്‍പാണ് പാരാഗ്ലൈഡിംഗും , തൂക്കു പാലത്തിലൂടെയുള്ള നടത്തം തുടങ്ങിയ പരിപാടികൾ അനൗദ്യോഗികമായി ആരംഭിച്ചത്.
സഞ്ചാരികൾക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇത്രയും വിശാലമായ സ്ഥലത്തെ സുരക്ഷ ഉറപ്പു വരുത്താനുള്ള ജീവനക്കാരും നിലവിൽ വാഗമണിൽ ഇല്ല. മൊട്ടക്കുന്നുകളിലും പൈൻവാലിയിലും ആവശ്യത്തിനു സുരക്ഷാ ജീവനക്കാരുണ്ടെന്ന് ഡിടിപിടി അധികൃതർ പറഞ്ഞു. അതിനാൽ മൊട്ടക്കുന്നുകളും പൈൻവാലിയും അടക്കമുള്ള സ്ഥലങ്ങൾ മുൻപത്തേപോലെ സന്ദർശകർക്കായി പൂർണമായും സജ്ജമാണന്നും അധികൃതർ അറിയിച്ചു