വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്രയിൽ പങ്കെടുക്കാനെത്തിയവർ ഉളുപ്പൂണിയിലേക്ക് ജീപ്പിൽ ട്രക്കിംഗ് നടത്തിയപ്പോൾ. – അനൂപ് ടോം
ജിബിൻ കുര്യൻ
കോട്ടയം: ‘കേരളത്തിലെ സ്കോട്ട്ലൻഡ് ’ എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് ഇനി സഞ്ചാരികൾ ഒഴുകിയെത്തും.
മൊട്ടക്കുന്നും പൈൻവാലിയും തേയിലത്തോട്ടവും ആത്മഹത്യ മുനന്പും പാരഗ്ലൈഡിംഗുമെല്ലാം ഇനി ആഭ്യന്തര വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാകും.
വടക്കേ ഇന്ത്യയിൽനിന്നുള്ള ടൂർ പാക്കേജിൽ മൂന്നാറിനും തേക്കടിക്കും ആലപ്പുഴയ്ക്കുമൊപ്പം വാഗമണ്ണും ഉൾപ്പെടുത്താൻ വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്ര ടൂർ മീറ്റിൽ തീരുമാനമായി.
രണ്ടു ദിവസം വാഗമണിൽ താമസിച്ചുള്ള പാക്കേജ്, ഹണിമൂണ്‍ പാക്കേജ് എന്നിവയാണു പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഇതു കൂടാതെ വാഗമണ്‍ പ്രദേശവാസികളെ ഉൾപ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിനു മുൻഗണന നൽകും.
അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള വാഗമണ്ണിൽ ഇപ്പോൾ താമസിക്കുന്നതിനായി നിരവധി റിസോർട്ടുകളും ഹോട്ടലുകളുമാണുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ താമസ ഭക്ഷണ സൗകര്യമാണ് ഹോട്ടലുകളും റിസോർട്ടുകളും ഒരുക്കിയിരിക്കുന്നത്.
റോഡുകൾ
മൊട്ടക്കുന്നും പൈൻവാലിയും മാത്രം കണ്ടുമടങ്ങാതെ രണ്ടു മൂന്നു ദിവസം വാഗമണ്ണിൽ താമസിച്ച് മഴയുടെയും മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിച്ച് വിവിധ ഡെസ്റ്റിനേഷനുകൾ കാണുന്നതിനാണ് അവസരമൊരുക്കുന്നത്.
ചെറുതും വലുതുമായ ഏതാണ്ട് 30ലധികം ഡെസ്റ്റിനേഷനുകൾ വാഗമണ്ണിലുണ്ട്. ഇത് സഞ്ചാരികൾക്ക് അറിയില്ല. പലർക്കും എത്തിപ്പെടാനുളള മാർഗവും അറിയില്ല.
ഇവരെ വിവിധ ഡെസ്റ്റിനേഷനുകളിൽ എത്തിക്കുന്നതിനായി ഹോട്ടലുകളും റിസോർട്ടുകളും പാക്കേജുകൾ ഒരുക്കാനും ടൂറിസം മീറ്റിൽ തീരുമാനമായി.
വിദേശത്തും സ്വദേശത്തുമുള്ളവർക്ക് വാഗമണിലെ ടൂറിസം മേഖലയിൽ നിക്ഷേപം നടത്താനുള്ള സംവിധാനം ഒരുക്കാനും തീരുമാനമായി. ഇപ്പോൾ വാഗമണ്ണിലേക്കും പ്രധാന ഡെസ്റ്റിനേഷനിലേക്കുമുള്ള റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ്.
ഈരാറ്റുപേട്ടയിൽ നിന്നും വാഗമണിലേക്കുള്ള പ്രധാന റോഡ് ഒരു വർഷമായി തകർന്നിരിക്കുകയാണ്. ഇക്കാര്യം ടൂറിസം-പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും തീരുമാനമായി.
വാഗമണ്ണിലേക്ക് മണ്‍സൂണ്‍ ടൂറിസം ലക്ഷ്യമാക്കി സഞ്ചാരികളെ ആകർഷിക്കുന്നതിനും വിപുലമായ പദ്ധതികൾ ലക്ഷ്യമിട്ടുമായിരുന്നു ഹോട്ടലിയേഴ്സിന്റെ കൂട്ടായ്മയായ വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ മണ്‍സൂണ്‍ വിനോദയാത്ര സംഘടിപ്പിച്ചത്.
രണ്ടു ദിവസമായി നടന്ന വിനോദയാത്ര പരിപാടിയിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽനിന്നും ടൂറിസം മേഖലയിലെ സംരംഭകരായ 100ൽപരം ടൂർ ഓപ്പറേറ്റേഴ്സ്, ട്രാവൽ ഏജന്റസുമാരും പങ്കെടുത്തു.
സന്ദർശിച്ചു
വാഗമണിലെ പ്രമുഖ റിസോർട്ടുകളുടെ നേതൃത്വത്തിൽ ടൂറിസം മീറ്റും ഡെസ്റ്റിനേഷൻ യാത്രയുമായിരുന്നു പ്രധാന പരിപാടികൾ. മൊട്ടക്കുന്നുകൾ, പൈൻവാലി, പാലൊഴുകുംപാറ വെള്ളച്ചാട്ടം, കുരിശുമല, തങ്ങൾപാറ, ആത്മഹത്യാ മുനന്പ് തുടങ്ങിയ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്.
ഉളുപ്പൂണിയിലേക്ക് ട്രക്കിംഗ് ഒരുക്കിയിരുന്നു. മണ്‍സൂണ്‍കാലം ആരംഭിച്ചതോടെ വാഗമണ്ണിന് ഇപ്പോൾ കൂടുതൽ സൗന്ദര്യം വന്നിരിക്കുകയാണ്. ഞായറാഴ്ചയും അവധിദിവസങ്ങളിലും ധാരാളം ആളുകളാണ് എത്തുന്നത്.
ചാറ്റൽമഴ പെയ്തിറങ്ങി മഞ്ഞുമൂടിയ മൊട്ടുക്കുന്നുകളും പൈൻമരക്കാടുകളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.ടൂറിസം മീറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു.
വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡന്റും ഫോഗിനോൾസ്് ജനറൽ മാനേജരുമായ ജോബി ജോസ്, സെക്രട്ടറിയും ഓറഞ്ച് വാലി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സൂരജ് വർഗീസ് പുല്ലാട്ട് നേതൃത്വം നൽകി.