ഈരാറ്റുപേട്ട: അപകടത്തിലേക്ക് വായ് പിളർന്നു പണിതീരാത്ത ഒ രു വാച്ച്ടവർ നാളുകളായി നിന്നിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല.
അപകടക്കെണി അറിയാതെ വിദൂരങ്ങളിൽനിന്നു പോലും എത്തുന്ന നൂറുകണക്കിനു സഞ്ചാരികൾ വാച്ച്ടവറിൽ കയറുന്നതു കണ്ടിട്ടും കുലുക്കമില്ലാതെ നിൽക്കുകയാണ് നമ്മുടെ അധികാരികൾ.
അല്പം ശ്രദ്ധ പിഴച്ചാൽ മരണം പോലും സംഭവിക്കാവുന്ന ഞാണിൻമേൽകളിയാണ് ഈ വാച്ച്ടവറിൽ കയറുന്നതെന്ന് അറിയാമായിരുന്നിട്ടും അവർ കണ്ടില്ലെന്നു നടിക്കുന്നു.
ഒന്നുകിൽ സുരക്ഷിതമാക്കണം അല്ലെങ്കിൽ ആളുകൾ ഇവിടേക്കു കയറാതിരിക്കാൻ ക്രമീകരണം ഉണ്ടാക്കണം. ഇതൊന്നും ചെയ്യാതെ അപകടം വരാൻ കാത്തിരിക്കുകയാണ് അധികൃതർ.
പണിതീരാതെ കെണി
ഈരാറ്റുപേട്ട-വാഗമൺ സംസ്ഥാന പാതയ്ക്കു സമീപത്തെ കാരികാട് ടോപ്പിലെ പണി പൂർത്തിയാകാത്ത വാച്ച് ടവറിലാണ് അപകടം പതിയിരിക്കുന്നത്.
70 ലക്ഷം രൂപ മുടക്കിയിട്ടും പണി പൂർത്തിയാകാതെ കിടക്കുകയാണ് ഈ വാച്ച്ടവർ. കെട്ടിടത്തിന്റെ രണ്ടാംനിലയിൽ ചുറ്റുമതിലും സംരക്ഷണവേലിയും നിർമിക്കാത്തതാണ് അപകടം കെണിയാകുന്നത്.
കാരികാട് ടോപ്പിലെത്തുന്ന കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികൾ റോഡിൽനിന്നു നേരെ കയറുന്നതു രണ്ടാം നിലയിലേക്കാണ്. കെട്ടിടത്തിനു ഷട്ടർ ഉണ്ടെങ്കിലും അതു തുറന്നിട്ടിരിക്കുന്നതു കൂടുതൽ അപകട സാഹചര്യമുണ്ടാക്കുന്നു.
മൂന്നു നില
വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിന് ഇവിടെനിന്നു മൂന്നു കിലോമീറ്റർ ദൂരമുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
കാരികാട് ടോപ്പിൽനിന്നാൽ പ്രകൃതിയുടെ ദൃശ്യ മനോഹാരിത ആസ്വദിക്കാൻ സാധിക്കും. ഇവിടെ വിനോദ സഞ്ചാരികൾ സെൽഫി എടുക്കുന്നതും പതിവാണ്.
ഇതു കണക്കിലെടുത്താണ് 2014ൽ മൂന്നു നിലകളിലായി ഇവിടെ വാച്ച് ടവർ നിർമാണം തുടങ്ങിയത്. ടവർ നിർമാണത്തിനായി ഇപ്പോൾ 70 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
300 അടി താഴ്ച
പണികൾക്കായി ഷട്ടർ തുറന്നിട്ടിരിക്കുന്ന വാച്ച് ടവറിന്റെ മുകളിലത്തെ നിലയിൽ ഫോട്ടോയെടുക്കാൻ വിനോദ സഞ്ചാരികൾ കയറുന്നതു പതിവാണ്. അപകടസാധ്യതയുണ്ടെന്നു മുന്നറിയിപ്പ് നൽകാനോ ഇവരെ വിലക്കാനോ ആരുമില്ല.
300 അടി താഴ്ചയുണ്ട് കെട്ടിടത്തിന്റെ പിൻഭാഗത്ത്. ഇവിടെയാണ് സുരക്ഷാവേലിയോ ഒന്നുമില്ലാതെ തുറന്നുകിടക്കുന്നത്. ആരെങ്കിലും കാൽവഴുതിയാൽ വൻ ദുരന്തമുണ്ടാകും.
ഒന്നുകിൽ ടവർ പണി പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ സുരക്ഷാവേലിയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കുകയും ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.