അന്പലപ്പുഴ: വോട്ടുപിടിക്കാൻ സ്ഥാനാർഥികൾ വാഗ്ദാനങ്ങൾ പലതും നൽകാറുണ്ട്. എന്നാൽ ജയിച്ചതിനുശേഷം പലരും ഇവിടേക്കു തിരിഞ്ഞുനോക്കാറില്ല.
എന്നാൽ അന്പലപ്പുഴ ബ്ലോക്ക് എംസിഎച്ച് ഡിവിഷനിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാഗ്ദാനം പാലിച്ചതിൽ വിജയിച്ചിരിക്കുകയാണ്.
യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷിതയാണ് മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുട്ടിക്ക് പഠിക്കാൻ മൊബൈൽ ഫോണ് നൽകി വാക്കുപാലിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണാർഥം വീടുകൾ കയറിയിറങ്ങിയപ്പോഴാണ് കടലാക്രമണത്തിൽ വീടുനഷ്ടപ്പെട്ട് നീർക്കുന്നത്ത് റെയിൽവേ പുറന്പോക്കിൽ കഴിയുന്ന അനീഷ് കുമാർ-രമ്യ ദന്പതികളുടെ മകൾ അനുശ്രീയുടെ ദുരിതം ഷിതയുടെ ശ്രദ്ധയിൽപ്പെട്ടത്.
വീട്ടിൽ ടെലിവിഷനുണ്ടെങ്കിലും മറ്റ് പഠനത്തിനായി മൊബൈൽ ഫോണില്ലാത്തതിനാൽ പുന്നപ്ര എൻഎസ്എസ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ വീടിന് വളരെയകലെയുള്ള പിതൃസഹോദരന്റെ വീട്ടിൽച്ചെന്നാണ് പഠനം നടത്തിയിരുന്നത്.
ഇത് ബുദ്ധിമുട്ടായതോടെ സമീപവാസിയുടെ ഫോണ് രാത്രിയിൽ ഒരു മണിക്കൂറോളം കടം വാങ്ങിയാണ് ഹോംവർക്ക് ചെയ്തിരുന്നത്.
പ്രചാരണത്തിനിടെ ഇത് ശ്രദ്ധയിൽപ്പെട്ട ഷിത അനുശ്രീക്ക് പഠനസഹായത്തിനായി മൊബൈൽ ഫോണ് വാഗ്ദാനം നൽകാനായി ഉറച്ചിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സഹപ്രവർത്തകരോട് മാത്രമാണ് ഇക്കാര്യം പറഞ്ഞിരുന്നത്.
ഫല പ്രഖ്യാപനം വന്നപ്പോൾ പരാജയപ്പെട്ടെങ്കിലും വാഗ്ദാനം പാലിക്കാൻ ഷിത മറന്നില്ല. ഇന്നലെ സുഹൃത്തുക്കളുമൊത്ത് അനുശ്രീയുടെ വീട്ടിലെത്തി മാതാവ് രമ്യക്ക് ഷിത മൊബൈൽ ഫോണും പഠ നോപകരണങ്ങളും കൈമാറിയപ്പോഴാണ് വീട്ടുകാർപോലും ഈ വിവരം അറിയുന്നത്.
വിജയിച്ച സ്ഥാനാർഥികൾ വരെ വാഗ്ദാനം മറക്കുന്ന കാലത്ത് ഷിത വേറിട്ട പ്രവർത്തനമാണ് കാഴ്ചവച്ചത്. മുൻ ബ്ലോക്ക് പ്രസിഡന്റ് ശോഭാ ഗോപിനാഥന്റെ മകളാണ് ഷിത.