തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ വരച്ച വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങൾ റെയിൽവേ മായ്ച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾ ഉറങ്ങുന്ന തിരൂർ റെയിൽവേ സ്റ്റേഷനിൽ വരച്ച വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങളാണ് മായ്ച്ചത്. കഴിഞ്ഞ ദിവസം റെയിൽവേ ചുമരിൽ തയാറാക്കിയ ചിത്രങ്ങൾ പണിപൂർത്തിയാകും മുൻപേ മായ്ച്ചു കളയാൻ റെയിൽവേ ഉത്തരവിറക്കുകയായിരുന്നു.
സംഘ്പരിവാർ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് റെയിൽവേയുടെ നടപടി. ഇന്നലെ ഉച്ചയോടെയാണ് ഡൽഹി റെയിൽവേ ബോർഡിൽ നിന്നു ലഭിച്ച ഉത്തരവിന്റെ സന്ദേശം പാലക്കാട് ഡിവിഷണൽ ഓഫീസിൽ നിന്നു തിരൂരിൽ ലഭിച്ചത്. ഉത്തരവു വന്നതോടെ ചിത്രങ്ങൾ മായ്ച്ച് പഴയ രൂപത്തിലാക്കി.
ചിത്ര പണി പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച ഏതാനും ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നതായി റെയിൽവേ ജീവനക്കാർ പറഞ്ഞു. ചിത്രം മായ്ച്ചുകളയുമെന്ന ഭീഷണിയും മുഴക്കിയായിരുന്നു ഇവർ മടങ്ങിയത്. ഇതിനു പിന്നാലെ കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവ് വരികയായിരുന്നു.
വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാർ ലഹള വർഗീയ കലാപമാണെന്നുമായിരുന്നു ബിജെപി പ്രവർത്തകരുടെ വാദം. വാഗണ്‍ ദുരന്തത്തെ അടയാളപ്പെടുത്തുന്നതിനു പുറമെ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻറെയും ചിത്രങ്ങൾ റെയിൽവേ ചുവരിൽ തയാറാക്കിയിരുന്നു.
ചിത്രങ്ങൾ ഒരുക്കിയതോടെ റെയിൽവേ അധികൃതർക്ക് നിരവധി പ്രശംസാ പ്രവാഹങ്ങളുമെത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ചിത്രപണി മായ്ച്ചത് ഏറെ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. തിരൂരിൽ ഈ മാസം നടക്കാനിരിക്കുന്ന പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന മേൽപാലം ഉദ്ഘാടനത്തിനു മുന്നോടിയായി റെയിൽവേ നവീകരണ പ്രവൃത്തികളും അറകുറ്റപണികളും നടന്നു വരികയാണ്.
ഇതിന്റെ ഭാഗമായാണ് ചരിത്ര സംഭവങ്ങൾ വിളിച്ചോതുന്ന ചിത്രങ്ങൾ തയാറാക്കിയത്. റെയിൽവേയുടെ പ്രത്യേക അനുമതിയോടുകൂടി സ്റ്റേഷൻ സൂപ്രണ്ട് കെ.എസ് രാജഗോപാലിന്റെ നേതൃത്വത്തിലാണ് ചിത്രപണികൾ തയാറാക്കിയത്. ചിത്രങ്ങൾ മായ്ച്ചതോടെ റെയിൽവേ ജീവനക്കാരിലും യാത്രക്കാരിലും ഒരുപോലെ നിരാശയുണ്ടാക്കിയിട്ടുണ്ട്.