കൊച്ചി: നെട്ടൂര്‍ മാര്‍ക്കറ്റില്‍ നിന്നും ലോറി മോഷണം പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ പൊള്ളാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹനമോഷണ റാക്കറ്റിലെ കണ്ണികളെന്നു പോലീസ്.
കേസുമായി ബന്ധപ്പെട്ട് പൊള്ളാച്ചി സ്വദേശി ശബരിനാഥ് (40), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ അന്‍സില്‍ (25), വിഷ്ണു രാജ് (32) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. മോഷണം പോയ വാഹനം പൊള്ളാച്ചിയിലെ വാഹനങ്ങള്‍ പൊളിക്കുന്ന ഗോഡൗണില്‍നിന്നും കണ്ടെടുത്തു.
പ്രതികളെ ചോദ്യം ചെയ്തതില്‍ പാലക്കാട് നിന്ന് മഹീന്ദ്ര നിസാന്‍ ടിപ്പര്‍ മോഷ്ടിച്ചതും ഇവര്‍ ആന്നെന്ന് സമ്മതിച്ചിട്ടുണ്ട്. പാലക്കാട് നിന്നും 20 ഓളം വാഹനങ്ങള്‍ പൊള്ളാച്ചിയിലേക്ക് കടത്തിയതായും പ്രതികള്‍ സമ്മതിച്ചു.
കഴിഞ്ഞ മേയ് 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം. നെട്ടൂര്‍ മാര്‍ക്കറ്റില്‍ സംസം ഫ്രൂട്ട്സ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ വാഹനം മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നാണ് മോഷണം പോയത്.
പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആദ്യം ശബരിനാഥാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരും അറസ്റ്റിലായത്.
സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിലും ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്നും പനങ്ങാട് പോലീസ് പറഞ്ഞു.
എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പനങ്ങാട് എസ്എച്ച്ഒ മോഹിത് റാവുത്ത്, പ്രിന്‍സിപ്പല്‍ എസ്ഐ ജിന്സണ് ഡോമിനിക്ക്, എസ്ഐ ജോസി, എഎസ്ഐ അനില്‍കുമാര്‍, സീനിയര്‍ സിപിഒമാരായ സനീപ് കുമാര്‍, എം. മഹേഷ്, ബി.രാജേഷ്, സിപിഒ മഹേഷ്കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് മോഷണസംഘത്തെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.