അടൂർ: 12 വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനമോഷണം നടത്തിവന്ന സംഘത്തിന്റെ തലവനെ അടൂർ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ തലവടി ആനപറമ്പാൽ പുത്തൻപറമ്പിൽ വിനോദിനെയാണ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
അടൂർ ആശാ ഫാൻസിയിലെയും മെഴുവേലി ബാങ്ക് മോഷണവുമായി ബന്ധപെട്ട് ജില്ലാ പോലീസ് ചീഫിന്റെ നിർദേശാനുസരണം ഷാഡോ പോലീസും അടൂർ പോലീസും നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ സംഘത്തിലെ അംഗങ്ങളായ സന്തോഷ് പാസ്കൽ, ബിബു, ശെൽവൻ, മൈക്കിൾ എന്നിവരെ അടൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തലവൻ പിടിയിലായത്.
സ്പിരിറ്റ് കടത്തായിരുന്ന വിനോദ് ബിസിനസ് കുറഞ്ഞതോടെയാണ് വാഹനമോഷണത്തിലേക്ക് തിരിഞ്ഞത്. ഏതുവാഹനവും ഓടിക്കാൻ കഴിവുള്ള വിനോദ് ടോറസ് ലോറിയുൾപ്പെടെ മോഷ്ടിച്ചിട്ടുണ്ട്. ഓച്ചിറ, തൃശൂർ, വെമ്പായം, ചെങ്ങന്നൂർ, ഹരിപ്പാട്, ചേർത്തല, പാലക്കാട്, തെൻമല, പുനലൂർ, കറുകച്ചാൽ, കോട്ടയം, നാഗമ്പടം, ചങ്ങനാശേരി, കുമരകം,ചിങ്ങവനം, കായംകുളം, കൊല്ലം, തെങ്ങണ, കായംകുളം മുക്കട, ചാലകുടി, എറണാകുളം, കുറുപ്പുന്തുറ, തലയോലപറമ്പ്, കഞ്ചികോട്, ഷൊർണൂർ, കോവളം, ബാലരാമപുരം, നെയ്യാറ്റിൻകര, ആലുവ, മാവേലിക്കര, വടക്കാഞ്ചേരി, ശാസ്താംകോട്ട, മലമ്പുഴ, ഏനാത്ത്, ഇലന്തൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതലും മോഷണം നടത്തിയത്.
വിവിധയിനത്തിൽപെട്ട കാറുകൾ, പിക്കപ്, മിനിലോറി, ടോറസ്, ഇന്നോവ, സ്കോർപിയോ, ഐഷർലോറി, സ്കൂട്ടർ തുടങ്ങി നൂറിലധികം വാഹനങ്ങൾ മോഷ്ടിച്ചതായി തെളിഞ്ഞതായി പോലീസ് പറഞ്ഞു. വാളയാറിൽ നിന്നും മോഷ്ടിച്ച മാരുതികാറും ഷൊർണൂരിൽ നിന്നും വിനോദ് തനിച്ച് മോഷ്ടിച്ച സ്കൂട്ടറും ഉടമസ്ഥർ തിരിച്ചറിഞ്ഞു.
നേരത്തെ അറസ്റ്റിലായ സന്തോഷ് പാസ്കൽ, ബിബു, ശെൽവൻ, മൈക്കിൾ എന്നിവരുമൊത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ വിനോദും സന്തോഷ് പാസ്കലും കൂടി മുഹമ്മയിൽ നിന്ന് മോഷ്ടിച്ച മിനിലോറി പൊളിച്ച നിലയിൽ തമിഴ്നാട്ടിലെ വർക്ക്ഷോപ്പിൽ നിന്നും കണ്ടെടുത്തു. വാഹനങ്ങൾ മോഷ്ടിച്ച് വില്പന നടത്തിയശേഷം ബാംഗ്ളൂരിലേക്ക് കടക്കുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.
അടൂർ ഡിവൈഎസ്പി ആർ. ജോസ്, സിഐ ജി. സന്തോഷ്കുമാർ, എസ്ഐമാരായ ബി. രമേശൻ, രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ അജി സാമുവൽ, രാധാകൃഷ്ണൻ, വിൽസൺ, ഹരികുമാർ, എസ്സിപിഒ വിനോദ്, സിപിഒമാരായ ഷൈജു, സുജിത്ത് അജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.