പാലക്കാട്: രണ്ടു മാസത്തിനിടെ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 4772 കേസുകൾ. ഇത്രയും കേസുകളിൽനിന്നായി പിഴയിനത്തിൽ ഈടാക്കിയത് 34,38550 രൂപ. ഏപ്രിൽ മാസത്തിൽ 2736 കേസുകളും മാർച്ച് മാസത്തിൽ 2036 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ലൈസൻസ്, ഇൻഷുറൻസ്, പെർമിറ്റ് ഇല്ലാത്തവർ, അമിതമായ ചരക്ക്, വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തൽ, മദ്യപിച്ചുള്ള വാഹനമോടിക്കൽ തുടങ്ങി മുപ്പതോളം ഇനം ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് മാർച്ച് മാസത്തിൽ 1054 കേസുകളും ഏപ്രിലിൽ 848 കേസുകളും രജിസ്റ്റർ ചെയ്തു. ഹെൽമറ്റ് ധരിക്കാത്തവർക്ക് 100 രൂപയോ 600 രൂപയോ ആണ് പിഴ അടയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച 53 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഇവർക്ക് ആയിരം രൂപയാണ് പിഴ ഒടുക്കേണ്ടത്. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കാറുണ്ട്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത 21 പേർക്കെതിരെയാണ് കേസെടുത്തത്. 100 രൂപയാണ്് ഇതിന് പിഴ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 169 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയിരം രൂപയാണ് പിഴ. കൂടാതെ അമിതവേഗതയിൽ വണ്ടി ഓടിച്ചതിന് 106 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പെർമിറ്റ് ഇല്ലാത്ത, ടാക്സ് അടക്കാത്ത ചെറിയ വാഹനങ്ങൾക്ക് 3000 രൂപയും സാധാരണ വാഹനങ്ങൾക്ക് 4000 രൂപയും ഹെവി വാഹനങ്ങൾക്ക് 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്. ഇൻഷൂർ ചെയ്യാത്ത വാഹനങ്ങൾക്ക് ആയിരം രൂപ ഈടാക്കാറുണ്ട്. ബൈക്കുകളിലും മറ്റുമായി വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിന് 2000 രൂപയാണ് പിഴ ഈടാക്കുന്നത്.16 അനധികൃത ടാക്സികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.