സി സി സോമൻ
കോട്ടയം: ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന്റെ പേരിൽ പിടികൂടി നൂറോ ആയിരമോ പിഴയടപ്പിക്കാൻ ഇനി എസ്ഐക്കാവില്ല. അതിന് ട്രാഫിക് ബ്രാഞ്ച് എസ്ഐ തന്നെ വേണം. പുതിയ ഗതഗാത നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അടിയന്തരമായി ട്രാഫിക് ബ്രാഞ്ച് എസ്ഐമാരെ നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നല്കി. നിലവിൽ എസ്ഐമാരാണ് വാഹന പരിശോധന നടത്തി നിയമ ലംഘനം കണ്ടാൽ പിഴയിടുന്നത്. ഇനി എസ്ഐക്ക് പിഴയിടാനാവില്ല.
ട്രാഫിക് ബ്രാഞ്ച് എസ്ഐക്കോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കോ മാത്രമേ പിഴയിടാൻ അധികാരമുള്ളൂവെന്നാണ് പുതിയ ഗതാഗത നിയമത്തിൽ വ്യക്തമാക്കുന്നത്. പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഒരു എസ്ഐയെ ട്രാഫിക് ബ്രാഞ്ച് എസ് ഐ ആയി നിയോഗിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
ഇദ്ദേഹത്തിനു മാത്രമേ ഇനി വാഹന പരിശോധന നടത്തി പിഴയിടാൻ അധികാരമുള്ളൂ. ട്രാഫിക് ബ്രാഞ്ച് എസ്ഐക്കു പുറമേ സർക്കിൾ ഇൻസ്പെക്ടർക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കും മാത്രമേ ഇനി പിഴയിടാൻ അധികാരമുള്ളൂ.കോട്ടയം ജില്ലയിൽ നിലവിൽ കോട്ടയം ടൗണിൽ മാത്രമാണ് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റുള്ളത്.
ജില്ലയിലെ 31 പോലീസ് സ്റ്റേഷനുകളിലും ട്രാഫിക് എസ്ഐമാരില്ല. അതിനാൽ സ്റ്റേഷനിൽ നിലവിലുള്ള ഒരു എസ് ഐയെ ട്രാഫിക് ബ്രാഞ്ച് എസ്ഐ ആയി നിയോഗിക്കും. ഇതോടെ ലോആൻഡ് ഓർഡർ വിഭാഗത്തിൽ ഒരു എസ്ഐയുടെ കുറവുണ്ടാവും. ഇത് കേസ് അന്വേഷണത്തെ ബാധിക്കാനിടയുണ്ട്.