കൊച്ചി: വാഹനം പണയത്തിന് കൊടുക്കാനുണ്ടെന്ന് ഒഎല്‍എക്സില്‍ പരസ്യം നല്കി തട്ടിപ്പ് നടത്തുന്ന ആള് അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളം ഇടപ്പള്ളി മരക്കാർ റോഡ് അസറ്റ് ഹോംസ് ഫ്ളാറ്റ് നം.
9 എയിൽ താമസിക്കുന്ന നസീര്‍ (42) എന്നയാളെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി ഇയാള്‍ ഏഴു ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
നസീറിന്റെ ഉടമസ്ഥതയിലുള്ള ഫോർഡ് ഇക്കോസ്പോര്‍ട് കാര്‍ പണയം കൊടുക്കാനുണ്ടെന്ന് കാണിച്ച് ഇയാള്‍ ഒഎല്‍എക്സില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് ഇയാളെ ബന്ധപ്പെട്ട ഇടുക്കി സ്വദേശിയില്‍നിന്ന് പ്രതി കഴിഞ്ഞ ഫെബ്രുവരിയില്‍ കാര്‍ പണയത്തിന് നല്കിയ ശേഷം മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.
മൂന്നു മാസത്തിനുശേഷം ഈ തുകയും പലിശയും തിരികെ തരാമെന്നും ഇടപ്പള്ളി ലുലുമാളിനു സമീപം വാഹനവുമായി എത്തണമെന്നും അറിയിച്ചു. തുടര്‍ന്ന് ഇടുക്കി സ്വദേശി കാറുമായി എത്തിയപ്പോള്‍ പണം കൈമാറും മുമ്പേ അടുത്ത സ്ഥലം വരെ പോയി ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞ് ഇയാള്‍ കാറുമായി മുങ്ങുകയായിരുന്നു.
തട്ടിപ്പിന് ഇരയായ ഇടുക്കി സ്വദേശി തുടര്‍ന്ന് കളമശേരി പോലീസില്‍ പരാതി നല്കി. മൂന്നു മാസം മുമ്പ് കോട്ടയം സ്വദേശിയില്‍ നിന്ന് ഇയാള്‍ വാഹനം പണയത്തിനു നല്കി മൂന്നര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ആ കേസും കളമശേരി സ്റ്റേഷനിലുണ്ട്.
മൂന്നു മാസം വീതം വാഹനം പണയത്തിനു നല്കിയ തട്ടിപ്പു നടത്തുന്ന രീതിയായിരുന്നു ഇയാളുടേതെന്ന് കളമശേരി എസ്എച്ച്ഒ വിപിന്‍ദാസ് പറഞ്ഞു. അതിനുശേഷം മറ്റൊരിടത്ത് പോയി വാടകയ്ക്ക് താമസിക്കും.
അവിടെ വ്യാജ ആധാര്‍കാര്‍ഡ് നിര്‍മിച്ചാണ് അടുത്ത തട്ടിപ്പ് നടത്തുന്നത്. ഇയാളുടെ ഭാര്യയ്ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും എസ്എച്ച്ഒ വിപിന്‍ദാസ് പറഞ്ഞു.
ഇത്തരത്തില്‍ ഇയാള്‍ വന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.