ആലപ്പുഴ: നഗരത്തിൽ വാഹനപാർക്കിംഗ് തോന്നിയതുപോലെ. ആരുചോദിക്കാനെന്ന മട്ടിൽ വാഹനയാത്രക്കാരും കാണാത്ത മട്ടിൽ അധികൃതരും ചേർന്ന് നഗരത്തിന് സമ്മാനിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത ഗതാഗതക്കുരുക്ക്. സ്ഥലപരിമിതി മൂലം ശ്വാസം മുട്ടുന്ന ആലപ്പുഴ നഗരത്തിന് കൂനിൻമേൽ കുരുവെന്നപോലെയാണ് ഗതാഗതകുരുക്ക്.
ഇതിന് പ്രധാന കാരണം അനധികൃത പാർക്കിംഗും ട്രാഫിക് മര്യാദകൾ ലംഘിച്ചുള്ള ഡ്രൈവിംഗും. കഴിഞ്ഞ കുറച്ചുനാളുകളായി നഗരത്തിലെ റോഡുകൾക്ക് ശാപമോക്ഷം ലഭിച്ചുവെങ്കിലും റോഡ് കൈയേറ്റങ്ങൾ മൂലം റോഡിന്റെ യഥാർഥ പ്രയോജനം ലഭിക്കുന്നില്ല. റോഡ് കൈയേറി വഴിയോര കച്ചവടവും സ്ഥിരം കടകളുടെ വച്ചുകെട്ടലുകളും സാധനങ്ങൾ ഇറക്കിവയ്ക്കലും കൂടാതെ റോഡ് കൈയേറിയുള്ള വാഹന പാർക്കിംഗും നഗരത്തിലെവിടെയും കാണാം.
നോ പാർക്കിംഗ് ബോർഡുകൾ നഗരത്തിൽ അപൂർവമായോ നമുക്ക് കാണാനാവൂ. നോ പാർക്കിംഗ് ബോർഡുകളില്ലാത്തതിനാൽ എവിടെയും എങ്ങനെയും പാർക്കു ചെയ്യാമെന്ന ധാരണയാണ് ജനങ്ങളിലുള്ളത്. എന്നാൽ ട്രാഫിക് നിയമമനുസരിച്ച് ആശുപത്രി, സ്കൂൾ എന്നിവടങ്ങൾക്കു മുന്നിലും ബസ് സ്റ്റോപ്പുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിലും ട്രാഫിക് സിഗ്്നലുകൾക്കും സീബ്രാ വരകൾക്ക് സമീപവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
പക്ഷേ ഇതൊന്നും വാഹനയാത്രക്കാർക്ക് ബാധകമേയല്ലെന്ന രീതിയിലാണ് നഗരത്തിലെ കാഴ്ച. തിരക്കുപിടിച്ച ജംഗ്ഷനുകൾക്ക് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും വളയ്ക്കാനും സാധിക്കാതെ വരും. ഇരുചക്ര വാഹനങ്ങളാണ് പലയിടത്തും അലക്ഷ്യമായി പാർക്ക് ചെയ്യപ്പെടുന്നത്. ഇത് ഗതാഗതകുരുക്ക് കുറച്ചൊന്നുമല്ല സൃഷ്ടിക്കുന്നത്.
കർശന നടപടിയില്ലാത്തതാണ് അനധികൃത പാർക്കിംഗ് വർധിക്കാൻ കാരണമെന്നാണ് ആക്ഷേപം. നടപടിയെടുക്കുന്നുണ്ടെന്ന ട്രാഫിക് അധികൃതർ പറയുന്പോഴും ഗതാഗതകുരുക്കിൽ വീർപ്പു മുട്ടുന്ന നഗരത്തിന്റെ അവസ്ഥയ്ക്ക് തെല്ലും മാറ്റമില്ല.
മുല്ലയ്ക്കൽ, ജില്ലാ കോടതി റോഡുകൾ കടന്നുപോകണ്ടവർക്ക് വിലപ്പെട്ട സമയവും ഏറെ ഇന്ധനവും കളഞ്ഞുവേണം നഗരം വിടാൻ. ജില്ലാ കോടതി പാലത്തിന് വടക്കോട്ട് ഫുട്പാത്ത് കാണണമെങ്കിൽ കടകളുടെ അകത്തുകയറണം. സാധനങ്ങൾ ഇറക്കിവയ്ക്കുന്നത് റോഡിലേക്ക് ഇതുമൂലം കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിലാണ്.
ഇതിൽ നിന്നും ഒഴിഞ്ഞുമാറി റോഡിന്റെ നടുവിലൂടെ വേണം കാൽനടയാത്രക്കാരന് സഞ്ചരിക്കാൻ. ഇങ്ങനെ റോഡിലൂടെ നീങ്ങുന്ന കാൽനടയാത്രക്കാർ വാഹനയാത്രക്ക് തടസമാകുന്നു. നഗരത്തിന്റെ പതിവ് കാഴ്ചകളിലൊന്നാണിത്. ജെട്ടി പാലത്തിന്റെ ഇരുവശങ്ങളിലുമായി ട്രാഫിക് പോലീസിന്റെ നിയന്ത്രണമുണ്ട്.
എന്നാൽ നിയന്ത്രിച്ച് വിടുന്ന വാഹനങ്ങൾക്ക് നീങ്ങാൻ സാധിക്കാത്ത വിധമാണ് മറ്റു വാഹനങ്ങൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്തിരിക്കുന്നത്. ഇരുന്പുപാലം, ജനറൽ ആശുപത്രി ജംഗ്ഷൻ, പിച്ചു അയ്യർ ജംഗ്ഷൻ, തുടങ്ങി സ്ഥലങ്ങളിലൊന്നും സ്ഥിതി വ്യത്യസ്തമല്ല. കർശന നിർദേശങ്ങളോ നടപടികളോ ഉണ്ടായാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ.